കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ പറ്റിയ വിളയാണ് കൂർക്ക. പക്ഷേ പലയിടങ്ങളിലും അത്ര സജീവമല്ല. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ കൂർക്ക വിളവെടുക്കാവുന്നതാണ്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂർക്ക വളർത്താം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോൾ മഴ കിട്ടിയാൽ നന്ന്. മഴയില്ലെങ്കിൽ നനച്ചു വളർത്തണമെന്നേയുള്ളൂ.
ജൂൺ മുതൽ ഡിസംബർ വരെയാണ് കൂർക്ക കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. ചെടിയുടെ തലപ്പ് ആണ് നടാൻ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ കടയിൽ നിന്ന് കിട്ടുന്ന ചെറിയ ഉരുണ്ട കൂർക്ക പാകാം. തൈകൾ വളർത്തുകയാണ് ആദ്യപടി. ഒന്നരമാസത്തിനുള്ളിൽ മാറ്റി നടാം. ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കാൻ തൈകൾ കിട്ടാൻ ഏതാണ്ട് രണ്ടര സെന്റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്റിന് 10 കിലോ എന്ന അളവിൽ ചാണകപ്പൊടി ഇട്ട് ഒരുക്കിയ സ്ഥലത്ത് തടംകോരി അതിൽ 15 സെ.മീ. ഇടയകലത്തിൽ വിത്തു കിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോൾ തലപ്പുകൾ മുറിക്കാം. ഈ തലപ്പുകൾ 30 സെ.മീ അകലത്തിൽ പ്രധാന കൃഷിയിടത്തിലെ തടങ്ങളിൽ നടണം. ചെറിയ രീതിയിൽ ഉള്ള പരീക്ഷണം ആണെങ്കിൽ ഗ്രോ ബാഗിൽ / പ്ലാസ്റ്റിക് ചാക്കിൽ നടീൽ മിശ്രിതം നിറച്ചു അതിൽ തലപ്പുകൾ നടാം. നിലത്താണെങ്കിൽ മണ്ണ് നന്നായി കിളക്കുക. കൃഷിചെയ്യാനുള്ള സ്ഥലം നന്നായി ഉഴുത് മറിച്ച് കട്ടകൾ ഉടച്ച് നിരപ്പാക്കി പാകപ്പെടുത്തണം. അതിന് ശേഷം 30 സെന്റിമീറ്റർ അകലത്തിൽ ചെറിയവരമ്പുകളായി 60 - 100 സെന്റിമീറ്റർ വരെ നീളമുള്ള തടങ്ങൾ നിർമ്മിക്കണം. അടി വളമായി ചാണകപ്പൊടി, യൂറിയ, പൊട്ടാഷ് വളം എന്നിവയാണ് ചേർക്കേണ്ടത്. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. ആറാഴ്ച കഴിഞ്ഞ് ഇതേ അളവിൽ യൂറിയയും പൊട്ടാഷും മേൽവളമായി നൽകണം. ഒപ്പം ചുവട്ടിൽ മണ്ണിളക്കുകയും വേണം. കൂർക്കയ്ക്ക് സാധാരണ രോഗകീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിനു നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുൻകൃഷിയുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് കത്തിക്കുകയും ചെയ്താൽ മതി.
ഉമി ചേർക്കുന്നതും കശുമാവില മണ്ണിൽ ചേർക്കുന്നതും നിമാവിര ശല്യം കുറയ്ക്കും. നട്ട് അഞ്ചാം മാസം കൂർക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവ് പറ്റാതെ ശ്രദ്ധയോടെ വേണം ഇളക്കിയെടുക്കാൻ. കൂർക്കയുടെ വള്ളികൾ, ഉണങ്ങിത്തുടങ്ങുമ്പോൾ പറിച്ച് വിളവെടുക്കാം. മഴയുള്ളപ്പോൾ വിളവെടുപ്പ് ഒഴിവാക്കുകയാണ് നല്ലത്. ഈർപ്പം കൂടിയാൽ കിഴങ്ങ് ചീഞ്ഞ് പോകാൻ സാദ്ധ്യതയുണ്ട്. ഈർപ്പം ഉണ്ടെങ്കിൽ ഉണങ്ങിയ തറയിലിട്ട് ഉണക്കണം.