സ്‌ത്രീ തൊഴിലാളികൾക്ക് പുരുഷന്മാരേക്കാൾ ₹2,000 അധികം
അസെൻഡ് കേരള ആഗോള നിക്ഷേപക സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു
കൊച്ചി: ആഗോള നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ സംസ്ഥാന സർക്കാർ കൊച്ചിയിൽ ഒരുക്കിയ ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള-2020ൽ കേരളത്തിന്റെ മികവുകളും നേട്ടങ്ങളും എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പുത്തൻ വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ പ്രതിമാസ സബ്സിഡി പദ്ധതിയും പ്രഖ്യാപിച്ചു. അസെൻഡ് കേരള 2020യുടെ ഉദ്ഘാടനം ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ എണ്ണം കണക്കാക്കിയാണ് സബ്‌സിഡി പദ്ധതി നടപ്പാക്കുക. ഇ.എസ്.ഐ., പി.എഫ് എന്നിവ അടയ്ക്കുന്ന കമ്പനികൾക്കേ ആനുകൂല്യം ലഭിക്കൂ. സ്‌ത്രീ തൊഴിലാളികൾക്ക്, സ്‌ത്രീശാക്തീകരണം ലക്ഷ്യമിട്ട് പുരുഷന്മാരേക്കാൾ 2,000 രൂപ അധികം ലഭിക്കും. 37 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ നേട്ടം ലഭിക്കും.
ഏപ്രിലിൽ ഒന്നിന് പദ്ധതിയിൽ കമ്പനികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. 2025 മാർച്ച് 31വരെ രജിസ്‌റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ലഭിച്ച് അഞ്ചുവർഷത്തിനകം വ്യവസായ സംരംഭം ആരംഭിച്ചിരിക്കണം. ആഭ്യന്തര നിക്ഷേപകർക്ക് പുറമേ, ആഗോള നിക്ഷേപകരെ കൂടി കേരളത്തിലേക്ക് ആകർഷിച്ചാൽ തൊഴിൽ ലഭ്യതയിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാകും.
ആരോഗ്യം, വിദ്യാഭ്യാസം, സ്‌റ്റാർട്ടപ്പ് തുടങ്ങിയവയിൽ ഒന്നാമതാണ് കേരളം. നീതി ആയോഗ് ഉൾപ്പെടെ വിവിധ ഏജൻസികളുടെ റാങ്കിംഗിലും കേരളമാണ് മുന്നിൽ. ഈ മികവുകൾ മുൻനിറുത്തി നിക്ഷേപകരെ ആകർഷിക്കണം. നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ കേരളത്തിലുണ്ട്. അഞ്ചാമത്തേത് ശബരിമലയിൽ ആരംഭിക്കാൻ നടപടി തുടങ്ങി. തുറമുഖ രംഗത്തും നാം മുന്നിലാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണവും പുരോഗമിക്കുന്നു. ദേശീയപാതാ വികസനവും മുന്നേറുന്നു. മലയോര, തീരദേശ ഹൈവേ, കോവളം- ബേക്കൽ ദേശീയ ജലപാത എന്നിവയുടെ നിർമ്മാണവും നടക്കുന്നു.
ഈ വർഷം തന്നെ കോവളത്തു നിന്ന് ബേക്കലിലേക്ക് ബോട്ടിൽ സഞ്ചരിക്കാം. തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിക്ക് തത്വത്തിൽ അംഗീകാരമായി. നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്ന് തലസ്ഥാനത്ത് എത്താവുന്ന പദ്ധതിയാണിത്. ഡിസംബറോടെ കേരളത്തിലെ എല്ലാ റോഡുകളും നവീകരിക്കും.
കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിയുടെ നടപടികൾ പുരോഗമിക്കുന്നു. അഴിമതിക്കുറവ്, സുതാര്യത, കേരളത്തിന്റെ പ്രകൃതി വിഭവങ്ങൾ, ക്രമസമാധാന അന്തരീക്ഷം, കാലാവസ്ഥ എന്നിവയും നിക്ഷേപത്തിന് അനുകൂലമാണ്. പ്രതിവർഷം ആറുലക്ഷം ബിരുദധാരികളാണ് തൊഴിൽ അന്വേഷിച്ച് കോളേജുകളിൽ നിന്ന് പുറത്തിറങ്ങുന്നത്. ഇവർക്ക് കേരളത്തിൽ തന്നെ തൊഴിൽ നൽകണം. പത്തുവർഷത്തിനകം കേരളത്തിൽ തൊഴിലില്ലായ്മ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേട്ടങ്ങളും മാറ്റങ്ങളും
എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
കേരളത്തിൽ നിക്ഷേപം
സുരക്ഷിതം: ഇ.പി. ജയരാജൻ
കേരളത്തിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമായിരിക്കുമെന്ന് അസെൻഡ് കേരള -2020യുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരളം വ്യവസായ സൗഹൃദ നാടാണ്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 55,000ലേറെ എം.എസ്.എം.ഇ യൂണിറ്റുകളും 4,500 കോടിയിലേറെ രൂപയുടെ നിക്ഷേപവും വന്നു. ഒന്നരലക്ഷത്തിലേറെ പേർക്ക് തൊഴിൽ ലഭിച്ചു. കാർഷിക മേഖലയുടെ അഭിവൃദ്ധി കൂടി ഉറപ്പാക്കുന്ന സാമ്പത്തിക വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളം നിക്ഷേപ സൗഹൃദം:
എം.എ. യൂസഫലി
കേരളം നിക്ഷേപസൗഹൃദമാണെന്നും കേരളത്തിന്റെ മികവുകൾ ആഗോള നിക്ഷേപകരെ ബോദ്ധ്യപ്പെടുത്തിയാൽ കൂടുതൽ മുന്നേറാനാകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇതിനുള്ള നടപടികളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ''ലോകത്തെവിടെ പോയാലും കേരളത്തിന്റെ മികവ് ഞാൻ പറയാറുണ്ട്. മികച്ച അടിസ്ഥാനസൗകര്യമുണ്ട് കേരളത്തിൽ. ഞങ്ങൾ ഇവിടെ നിക്ഷേപിച്ച്, കേരളത്തെ മാർക്കറ്റ് ചെയ്യുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാളാണ് കൊച്ചി ലുലു മാൾ. ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററും ഇന്ത്യയിലെ ഏറ്റവും വലുതാണ്. തിരുവനന്തപുരത്തും ലുലുമാൾ വരുന്നു. കേരളം, നിക്ഷേപ സൗഹൃമായതു കൊണ്ടാണ് ഈ വികസനം", യൂസഫലി പറഞ്ഞു.
ചെറിയ പ്രശ്നങ്ങൾ നാം തന്നെ പെരുപ്പിച്ച് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണമായി നിപ്പ പടർന്നു പിടിച്ചത് അദ്ദേഹം ഓർമ്മിപ്പിച്ചു. കോഴിക്കോട്ടാണ് നിപ്പ പടർന്നതെങ്കിലും കേരളത്തിലെ മൊത്തം പഴം, പച്ചക്കറികളുടെ കയറ്റുമതി നിരോധിക്കപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെ ഈ പ്രതിസന്ധി ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങൾ ഉണ്ടെങ്കിലേ വികസനം ഉണ്ടാകൂ എന്നും മികച്ച വ്യവസായങ്ങൾ കേരളത്തിലെത്താൻ ഉദ്യോഗസ്ഥരും ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്നും ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ.രവി പിള്ള പറഞ്ഞു. ചടങ്ങിൽ ചീഫ് സെക്രട്ടരി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് എന്നിവർ സംസാരിച്ചു.
100 പദ്ധതികൾ;
2,000 പ്രതിനിധികൾ
ദേശീയ - അന്തർദേശീയ തലങ്ങളിൽ നിന്നായി 2,000ലേറെ പേരാണ് നിക്ഷേപക സംഗമത്തിൽ സംബന്ദിക്കുന്നത്. 18 മെഗാ പദ്ധതികൾ ഉൾപ്പെടെ 100ലേറെ വ്യവസായ പദ്ധതികളാണ് സർക്കാർ സംഗമത്തിലൂടെ നിക്ഷേപർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിവിധ വിഷയങ്ങളിൽ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന സെഷനുകളും ചർച്ചകളുമുള്ള സംഗമം, ഇന്ന് സമാപിക്കും.
കാർഷിക, വിദ്യാഭ്യാസ രംഗത്ത്
മാറ്റങ്ങൾ വേണം: ജെ.കെ. മേനോൻ
അടുത്ത പത്തുവർഷത്തേക്ക് കേരളത്തിന്റെ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകാനാകുന്ന വിധം കാർഷിക, വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾ വരണമെന്ന് എ.ബി.എൻ കോർപ്പറേഷൻ ചെയർമാൻ ജെ.കെ. മേനോൻ പറഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിലും സർക്കാരിന്റെ ശ്രദ്ധ പതിയണം. കർഷകരുടെ ഉത്പന്നങ്ങൾ വിദേശത്ത് ഉൾപ്പെടെ മാർക്കറ്ര് ചെയ്യാൻ മികച്ച വേദി വേണം. ഇവ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുക കൂടി ചെയ്യുമെന്നും തൊഴിൽ ലഭ്യത ഉയരുമെന്നും അദ്ദേഹം പറഞ്ഞു.