mamtha-banerjee

കൊൽക്കത്ത: പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരായ സമരത്തെ കുറിച്ചുള്ള ആലോചനകൾക്കായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഡൽഹിയിൽ നടത്തുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യയോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

' ഇടതുപക്ഷവും കോൺഗ്രസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ഞാൻ ഒറ്റയ്ക്ക് പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും പോരാടും.

സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാടും അവരുടെ ദേശീയതലത്തിലെ നിലപാടും തമ്മിൽ യോജിക്കുന്നില്ല. ഇക്കാരണത്താൽ 13ന് നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ ഞാൻ പങ്കെടുക്കില്ല. മറ്റ് പ്രതിപക്ഷ പാർട്ടികൾ ക്ഷമിക്കണം'.- ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമത.

'പൗരത്വ നിയമത്തിനെതിരായി ഒന്നിച്ചു പോരാടാം എന്ന മൂവ്മെന്റിന് ആദ്യം നേതൃത്വം നൽകിയത് ഞാനാണ്. എന്നാൽ പൗരത്വ നിയമത്തിന്റെ പേരിൽ കോൺഗ്രസും ഇടതുപക്ഷവും ചെയ്യുന്നത് മൂവ്മെന്റല്ല, മറിച്ച് നശിപ്പിക്കലാണ്. കഴിഞ്ഞദിവസം സംസ്ഥാനത്ത് നടന്ന സംഭവങ്ങൾ ഇത്തരമൊരു പ്രതിപക്ഷ ഐക്യത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കി. '- മമത വ്യക്തമാക്കി.

കഴിഞ്ഞദിവസം ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രകടനങ്ങളിൽ ബംഗാളിൽ പലയിടങ്ങളിലും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഇടത് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇത് മമതയെ പ്രകോപിപ്പിച്ചെന്നാണ് വിവരം.