കൊച്ചി: ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിംഗിന്റെ ആദ്യ ഘട്ടം ഇന്ന് രാവിലെ ഒമ്പതിന് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മദ്ധ്യമേഖല ഡി.ഐ.ജി സാം തങ്കച്ചൻ പറഞ്ഞു. 53 ജയിലുകളിലെ 87 സ്റ്റുഡിയോകളെയും 372 കോടതികളെയുമാണ് ബന്ധിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെ 136 കോടതികളെയും 14 ജയിലുകളിലെ 38 സ്റ്റുഡിയോകളെയും ബന്ധിപ്പിക്കുന്ന 174 ലൊക്കേഷനുകൾ പ്രവർത്തനക്ഷമമാക്കി. 24 കോടി രൂപയാണ് ചെലവ്.
രാജ്യത്ത് ആദ്യമായൊരുക്കുന്ന പദ്ധതിക്കായി സംസ്ഥാനത്തിന്റെ അഭ്യർത്ഥനപ്രകാരം ക്രിമിനൽ നടപടി ചട്ടങ്ങൾ കേന്ദ്രം മാറ്റംവരുത്തിയിരുന്നു.
പണവും സമയവും ലാഭം
വീഡിയോ കോൺഫറൻസിംഗിലൂടെ തടവുകാരുടെ എസ്‌കോർട്ട് പോകുന്ന പൊലീസുകാരുടെ സേവനം വകുപ്പിന് തിരികെ ലഭിക്കും. ശരാശരി 600 മുതൽ 800 വരെ പൊലീസുകാരെയാണ് നിത്യേന നിയോഗിക്കുന്നത്.
കോടതികളിൽ തടവുകാരെ കൊണ്ടുപോകുന്നതിന് പ്രതിവർഷം ചെലവാകുന്നത് - 30 ലക്ഷം രൂപ
പ്രതികൾ രക്ഷപ്പെടില്ല
ഒന്നിലധികം കോടതികളിൽ ഒന്നിലധികം കേസുകളുള്ള തടവുകാരെ ഒരേ ദിവസം ഹാജരാക്കാം
അപകടകാരികളായ തടവുകാരെയും കൊണ്ടുള്ള യാത്ര ഒഴിവാക്കാം
ഭാവിയിൽ വിചാരണയും
തടവുകാരുടെ റിമാൻഡ് നീട്ടുന്നതിനായാണ് പദ്ധതി തുടക്കത്തിൽ ഉപയോഗിക്കുക. ഭാവിയിൽ വിചാരണ നടത്തുന്നതിനും പദ്ധതിയുണ്ട്. കെൽട്രോൺ, ബി.എസ്.എൻ.എൽ, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ എന്നിവയാണ് സാങ്കേതിക സഹായം നൽകുന്നത്. രണ്ടും മൂന്നു ഘട്ടങ്ങളുടെ വീഡിയോ കോൺഫറൻസിംഗ് സംവിധാനം 28, 31 തീയതികളിൽ ഉദ്ഘാടനം ചെയ്യും.