മുംബയ്: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീൻ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്, എൻ.സി.പി വക്താവും മന്ത്രിയുമായ നവാബ് മാലിക് എന്നിവർ ഇക്കാര്യംവ്യക്തമാക്കി.
സൊറാബുദ്ദീൻ കേസിൽ വാദം കേട്ടു കൊണ്ടിരിക്കെയാണ് നാഗ്പൂരിൽ സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ലോയ 'ഹൃദയാഘാതം' മൂലം മരിച്ചത്. മരണ സാഹചര്യവും ആ സമയത്ത് കൂടെയുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ചിരുന്നു.
കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും അതിന് തയ്യാറാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ എൻ.സി.പി നേതാവ് ശരദ് പവാറും ലോയ കേസ് പുനരന്വേഷിക്കണമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു.