jk-menon
കൊച്ചിയിൽ ആരംഭിച്ച അസെൻഡ് കേരള 2020 നിക്ഷേപക സംഗമത്തിൽ എ.ബി.എൻ കോർപ്പറേഷൻ ചെയർമാൻ ജെ.കെ. മേനോൻ സംസാരിക്കുന്നു.

കൊച്ചി: അടുത്ത ദശകത്തിൽ കേരളത്തിന്റെ വികസനക്കുതിപ്പിന് അനുയോജ്യമായ ഏറ്റവും സുപ്രധാന മേഖലകൾ വിദ്യാഭ്യാസവും കൃഷിയുമാണെന്ന് എ.ബി.എൻ കോർപ്പറേഷൻ ചെയർമാൻ ജെ.കെ. മേനോൻ പറഞ്ഞു. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അസെൻഡ് കേരള-2020ന്റെ ആദ്യദിനത്തിൽ 'വിജയം കൊയ്ത സംരംഭകരുടെ കാഴ്‌ചപ്പാടുകൾ" എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെയും മലയാളികളുണ്ട്. മികച്ച വിദ്യാഭ്യാസമാണ് അതിനു കാരണം. പ്രാഥമിക വിദ്യാഭ്യാസം കേരളത്തിൽ മികച്ച രീതിയിൽ ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. ഉന്നത വിദ്യാഭ്യാസ രംഗത്തും ആവശ്യമായ മാറ്റം വേണം. കേരളത്തിൽ ലോക നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരണം. മികച്ച സർവകലാശാലകളും അതിനൊത്ത അടിസ്ഥാന സൗകര്യവും വേണം. നിക്ഷേപക രംഗത്തും കേരളത്തിന് ഇത് നേട്ടമാകും. തൊഴിൽ ലഭ്യതയും നൈപുണ്യവും ഉയരും.

കേരളത്തിലേത് പോലെ ഫലപുഷ്ടിയുള്ള മണ്ണ് വേറെയെങ്ങുമില്ല. കാർഷിക രംഗത്തും മുന്നേറാൻ കഴിയണം. കർഷകർക്ക് ആഗോള വിപണിയിൽ ഉത്പന്നങ്ങൾ മാർ‌ക്കറ്ര് ചെയ്യാനുള്ള അവസരം വേണം. ഇതിനായി കാർഷിക കൂട്ടായ്മകളും മികച്ച മാർക്കറ്രിംഗ് വേദിയും ഒരുക്കണം.

ബിസിനസിനെ പണം സമ്പാദിക്കാനുള്ള വേദിയായി മാത്രം കണ്ടാൽ വിജയം പ്രയാസമാകും. സ്വന്തം കഴിവിൽ വിശ്വസിക്കുകയും മറ്റുള്ളവരുടെ വിജയത്തെ അഭിനന്ദിക്കുകയും വേണം.

തന്റെ അച്‌ഛൻ സി.കെ. മേനോൻ 1979ൽ ഖത്തറിലേക്ക് വിമാനം കയറുമ്പോൾ കൈമുതലായുണ്ടായിരുന്നത് തകർക്കാൻ പറ്റാത്ത ആത്മവിശ്വാസവും കുറച്ചുപണവും മാത്രമായിരുന്നു. പാകിസ്ഥാനിയുടെ കമ്പനിയിൽ ജോലി നോക്കിയ അദ്ദേഹത്തിന്റെ വരുമാനം 1,500 റിയാലായിരുന്നു അന്ന്. വൈകാതെ അദ്ദേഹം സ്വന്തം വ്യവസായ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തു. ഇന്ന് എട്ട് രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന തന്റെ സ്ഥാപനത്തിൽ 5,000ലേറെ പേർ ജോലി ചെയ്യുന്നു. അതിൽ 90 ശതമാനം പേരും മലയാളികളാണെന്നത് അഭിമാനകരമാണ്.

ഇനിയുമേറെ കേരളത്തിന് മുന്നേറാനുണ്ട്. ശക്തനായ മുഖ്യമന്ത്രി കേരളത്തിനുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ കൈവരിച്ച നേട്ടം മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനായാൽ കേരളത്തിന് വലിയ നേട്ടം കൊയ്യാനാകുമെന്നും ജെ.കെ. മേനോൻ പറഞ്ഞു.