ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാല വി..സി ജഗദീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവിശീ.. വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുകയാണ്. സ്ഥലത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിക്കൊണ്ടിരിക്കുകയാണ്.
ജഗദീഷ് കുമാറിനെ വി.സി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അധ്യാപക യൂണിയൻ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം നാളെ ചർച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തതാണ് ചർച്ച പരാജയപ്പെടാൻ പ്രധാന കാരണം. വിസി രാജിവയ്ക്കാതെ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവർ പറഞ്ഞു..
വൈസ് ചാൻസലര്‍ സ്ഥാനത്ത് നിന്ന് ജഗദീഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ടത്തുമെന്നും ഐഷി അറിയിച്ചിരുന്നു,
ജനുവരി 5 ന് കാമ്പസിൽ നടന്ന ആക്രമണത്തിൽ ഇതുവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കാമ്പസിൽ എത്തിയ മുഖംമൂടി സംഘം തന്നെ വധിക്കാൻ ശ്രമിച്ചെന്ന വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതേ സമയം ആക്രമണവുമായി ബന്ധപ്പെട്ട് 11 പരാതികൾ കിട്ടിയെന്നും ഇവ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ഡൽഹി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അദ്ധ്യാപിക സുചിത്രാ സെന്നും പരാതി നൽകിയിട്ടുണ്ട്.