sunny-leone

ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മുഖംമൂടി സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ബൊളീവുഡ് താരം സണ്ണി ലിയോൺ. അക്രമണത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അക്രമങ്ങളില്ലാതെ പ്രശ്നങ്ങളിൽ രാജ്യം പരിഹാരം കാണണമെന്നും സണ്ണി ലിയോൺ ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

'തന്നെ സംബന്ധിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം അക്രമണത്തെ കുറിച്ചാണ്. അക്രമത്തിൽ ഒരുതരത്തിലും താൻ വിശ്വസിക്കുന്നില്ല. അക്രമങ്ങൾ കൂടാതെ പ്രശ്ന പരിഹാരം കണ്ടെത്തുന്നതിലാണ് താൻ വിശ്വസിക്കുന്നത്. അക്രമത്തിൽ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്. ഈ ലോകത്തിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ചിന്തയും അവർക്കുണ്ടാകുന്നു. പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണാൻ അപേക്ഷിക്കുകയാണെന്നും' സണ്ണി ലിയോണ്‍ പറഞ്ഞു.

അതേസമയം ജവഹർലാൽ നെഹ്‌റു സർവകലാശാല വി..സി ജഗദീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ച് തടഞ്ഞ പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവിശുകയായിരുന്നു.. വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുകയാണ്. സ്ഥലത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിക്കൊണ്ടിരിക്കുകയാണ്.

ജഗദീഷ് കുമാറിനെ വി.സി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അധ്യാപക യൂണിയൻ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം നാളെ ചർച്ച ചെയ്യാമെന്ന് കേന്ദ്രസ‍ർക്കാർ നിലപാടെടുത്തതാണ് ചർച്ച പരാജയപ്പെടാൻ പ്രധാന കാരണം. വിസി രാജിവയ്ക്കാതെ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവർ പറഞ്ഞു..