യേശുദാസിനെക്കുറിച്ച് ഇനിയെന്ത് എഴുതാനാണ് ? ആ നാദരൂപത്തിന് 80 തികയുന്ന വേളയിൽ ചലച്ചിത്രരംഗത്തെ പ്രതിഭകൾ , ഇഷ്ടപ്പെട്ട യേശുദാസിന്റെ അഞ്ച് ഗാനങ്ങൾ തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് അവർ ഇഷ്ടപ്പെട്ടു എന്നതും എഴുതുന്നു.
ടി. പത്മനാഭൻ
യേശുദാസിന്റെ പാട്ടുകൾ എല്ലാം എനിക്ക് ഇഷ്ടമാണ്. അതിൽ പ്രത്യേകം തിരഞ്ഞെടുപ്പില്ല. ഇന്ന പാട്ടുകളാണ് മെച്ചമെന്ന് പറയാൻ കഴിയില്ല. എല്ലാം ഹൃദയത്തോട് ചേർന്നവയാണ്. യേശുദാസിന്റെ പാട്ടുകളെ കുറിച്ച് വിശദീകരിക്കാൻ കഴിയില്ല, അവ നമ്മെ അനുഭവിക്കുകയാണ് ചെയ്യുന്നത്. മലയാളത്തിൽ സംഗീതവസന്തം സൃഷ്ടിച്ച ഗായകൻ. മലയാളത്തിൽ മാത്രമല്ല അദ്ദേഹം പാടിയ ഹിന്ദി ഗാനങ്ങളും അവിസ്മരണീയമാണ്.
ചിറ്റ് ചോറിലെ ഗോരി തേരാ ഗാവ് ബഡാ പ്യാരാ......
ആജ്സെ പെഹലേ ആജ് സെ സ്യാദാ...... തുടങ്ങിയ
ഗാനങ്ങൾ ലോകമുള്ളിടത്തോളം നിലനിൽക്കുന്നവയാണ്.
കെ. ജയകുമാർ
1. പ്രളയപയോധിയിൽ
ഉറങ്ങിയുണർന്നൊരു
പ്രഭാമയൂഖമേ കാലമേ...
മഴക്കാറ് (1973)
ജി.ദേവരാജൻ
വയലാർ രാമവർമ്മ
അർത്ഥഗരിമ, ആലാപനരീതി, തത്വചിന്താപരമായ ഗഹനത എല്ലാം ഉൾക്കൊണ്ട ആലാപനം കൊണ്ടാണ് ഈ ഗാനം പ്രിയപ്പെട്ടതാകുന്നത്.
2. യവന സുന്ദരീ
സ്വീകരിക്കുകീ പവിഴ
മല്ലിക പൂവുകൾ
പേൾവ്യൂ (1970)
ജി.ദേവരാജൻ
വയലാർ രാമവർമ്മ
യുഗ്മഗാനമാണ്. കാമുകിയോടു സംസാരിക്കുന്നതുപോലുള്ള പാട്ടാണ്. കേൾക്കുമ്പോൾ നായികയെ മുന്നിൽ നിറുത്തി അഭിസംബോധന ചെയ്യുന്നതു പോലെ അനുഭവപ്പെടും.
3. സുറുമയെഴുതിയ മിഴികളേ പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ..
ഖദീജ (1967)
എം.എസ്. ബാബുരാജ്
യൂസഫലി കേച്ചേരി
സംഗീത സംവിധായകൻ എന്തു ഉദ്ദേശിച്ചുവോ അതേപടി ഭാവംമുഴുവൻ ഉൾക്കൊണ്ട് പാടി. എന്റെ അച്ഛന്റെ (എം.കൃഷ്ണൻ നായർ) പടവുമാണിത്. ബാബുരാജിന്റെ ഈണത്തിന് ഭാവമാണ് കൂടുതൽ. വേറൊരാൾ ഈ പാട്ട് പാടുമ്പോൾ മാത്രമെ യേശുദാസിന്റെ ആലാപന ശൈലിയുടെ മഹത്വം മനസിലാകൂ.
4 നഗരം നഗരം
മഹാസാഗരം...
നഗരമേ നന്ദി (1967)
കെ.രാഘവൻ
പി.ഭാസ്കരൻ
തത്വചിന്താപരമായ പാട്ടാണ്. ഒതുക്കവും ആ ആഴവും ആ വിഷാദവും എല്ലാം ചേർന്ന ശബ്ദത്തിലാണ് പാടിയിരിക്കുന്നത്. നഗരഭീകരതയും ഒറ്റപ്പെടുത്തലുമെല്ലാം ബോദ്ധ്യപ്പെടുത്തും.
5 പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന
പദനിസ്വനം...
കൃഷ്ണഗുഡിയിൽ ഒരു
പ്രണയകാലത്ത് (1997)
വിദ്യാസാഗർ
ഗിരീഷ് പുത്തഞ്ചേരി
ഈ ഗാനം ചിത്രയും പാടിയിട്ടുണ്ട്. പക്ഷേ, യേശുദാസ് പാടുമ്പോൾ നമുക്ക് മറ്റെന്തോ ഒരു സംഗതി കൂടി അനുഭവപ്പെടും. എന്താണതിന്റെ രഹസ്യമെന്നത് യേശുദാസിനു മാത്രമേ അറിയൂ. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു ഗായകൻ വേറെ ഇല്ല.
ശ്രീകുമാരൻ തമ്പി
1.താമസമെന്തേ
വരുവാൻ....
പ്രാണസഖി എന്റെ മുന്നിൽ
ഭാർഗവിനിലയം (1964)
ഇതിനെക്കാൾ മികച്ചൊരു പ്രേമഗാനം മലയാളത്തിലുണ്ടായിട്ടില്ല.
2.ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ
പിന്നെയുമൊഴുകി......
നദി (1969)
ദർബാരി കന്നഡ രാഗത്തിൽ ഇതിനെക്കാൾ മികച്ച ഗാനം മലയാളത്തിൽ വന്നിട്ടില്ല. എന്നു മാത്രമല്ല, ഇതുമായി താരതമ്യം ചെയ്യാൻ കഴിയുമെങ്കിൽ ഒരു പാട്ടേ ഇന്ത്യയിൽ ഇറങ്ങിയിട്ടുള്ളൂ. നൗഷാദിന്റെ സംഗീതത്തിൽ മുഹമ്മദ് റാഫി പാടിയ 'യെ ദുനിയാകെ രഘുവാലേ..."എന്ന പാട്ട്.
3.ഹൃദയസരസിലെ പ്രണയ
പുഷ്പമേ, ഇനിയും നിൻകഥ
പറയൂ...
പാടുന്ന പുഴ (1968)
വി. ദക്ഷിണാമൂർത്തി
ശ്രീകുമാരൻ തമ്പി
എന്റെ രചനയിൽ യേശുദാസ് പാടിയ പാട്ടുകൾ ധാരാളമുണ്ടെങ്കിലും ഈ പാട്ടിലൂടെയാണ് ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീം ഉണ്ടായത്. യേശുദാസിന്റെ ഏറ്റവും മനോഹരമായ ആലാപനം. സെമിക്ളാസിക് അതിമനോഹരമായി പാടി. കർണാടക സംഗീതത്തിൽ ആഭേരി രാഗത്തിലായിരുന്നു ആലാപനം.
4.പൊൽത്തിങ്കൾകല പൊട്ടുതൊട്ട ഹിമവൽ ശൈലാഗ്ര ശൃംഗത്തിൽ...
കുമാരസംഭവം
ജി. ദേവരാജൻ
ഒ.എൻ.വി കുറുപ്പ്
യേശുദാസിന്റെ ശബ്ദവും ആലാപനവും കാളിദാസഭാവനയോളം ഉത്തുംഗമായിരുന്നു. അത്രമേൽ മനോഹരം.
5. വാൽക്കണ്ണെഴുതി
വനപുഷ്പം ചൂടി വൈശാഖ
രാത്രി ഒരുങ്ങും...
പിക ്നിക്
എം.കെ.അർജുനൻ
ശ്രീകുരമാൻ തമ്പി
ഞാനും അർജ്ജുനനും കൂടി ഒരുക്കിയ പാട്ട്. അത് യേശുദാസും വാണിജയറാമും കൂടി പാടിയ ഡ്യൂയറ്റാണെങ്കിലും യേശുദാസിന്റെ ശബ്ദം അതിമനോഹരമാണ്.
ഈ അഞ്ച് പാട്ടും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. ഇതിനോട് ചേർത്തു വച്ച് ഇഷ്ടപ്പെടുന്ന ഒട്ടേറെ ഗാനങ്ങൾ ഉണ്ടെങ്കിലും..
ഫാസിൽ
എന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ 'മിഴിയോരം നനഞ്ഞൊഴുകും" എന്ന ഗാനം എത്ര കാലം കേട്ടാലും മതിവരില്ല.നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ" എന്ന പാട്ടും ഇതേ ഗണത്തിലാണ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. അതിലെ പാട്ടുകളും വളരെ പ്രിയങ്കരമാണ്. പപ്പയുടെ സ്വന്തം അപ്പൂസിലെ 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി"യാണ് മറ്റൊരു പ്രിയഗാനം.
1. മിഴിയോരം
നനഞ്ഞൊഴുകും
മഞ്ഞിൽ വിരിഞ്ഞ
പൂക്കൾ
ബിച്ചുതിരുമല
ജെറി അമൽദേവ്
2.ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ
നോക്കെത്താ ദൂരത്ത്
കണ്ണുംനട്ട്
ബിച്ചുതിരുമല
3.ദേവദുന്ദുഭീ സാന്ദ്രലയം
എന്നെന്നും കണ്ണേട്ടന്റെ
െെകതപ്രം
4.ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
പപ്പയുടെ സ്വന്തം അപ്പൂസ്
ബിച്ചുതിരുമല
5.പഴംതമിഴ് പാട്ടിഴയും
ശ്രുതിയിൽ
മണിച്ചിത്രത്താഴ്
ബിച്ചുതിരുമല
പി.ജെ. ജോസഫ്
1.അല്ലിയാമ്പൽ കടവലിന്ന്
ഞാൻ ഏറ്റവും അധികം വേദികളിൽ പാടിയ പാട്ട്.എത്ര പാടിയാലും പുതുമ.
2. മെല്ലെ മെല്ലെ മുഖപടം
ജോൺസൺ മാഷിന്റെ ഏറ്റവും നല്ല സൃഷ്ടികളിലൊന്നാണിത്. മിക്കവാറും ഞാൻ മൂളിനടക്കുന്ന പാട്ട്.
3. വാതിൽ പഴുതിലൂടെ
ഈ പാട്ട് കേട്ടാൽ ടെൻഷൻ പോകും.
4.ഒരു നറുപുഷ്പമായി
ഒ.എൻ.വിയുടെ വരികളുടെ പ്രത്യേക. അതിൽ മിഴിമുനയെന്നൊരു പ്രയോഗംകൂടിയുണ്ട്.
5. ഏഴു സ്വരങ്ങളും
രവീന്ദ്രൻ മാഷിന്റെ സൃഷ്ടി. കാറിൽ സ്ഥിരം കേട്ട് പോകാറുള്ള പാട്ട്.
ജയരാജ്
1. താമസമെന്തേ
വരുവാൻ
ചെറിയ പ്രായത്തിൽ റേഡിയോയിൽ കേട്ടുതുടങ്ങിയ പാട്ട്. വീട്ടിലെ ഫംഗ്ഷനുകളിൽ അച്ഛന്റെ ഇളയ സഹോദരൻ പ്രകാശ് പാടിയിരുന്നത് ഈ പാട്ടായിരുന്നു.
2. സ്വർണച്ചാമരം
വീശിയെത്തുന്ന
യക്ഷി (1968)
ഇടുക്കി തങ്കമണിയിൽ അച്ഛന് എലംതോട്ടമുണ്ടായിരുന്നു. തൊഴിലാളികൾക്കൊപ്പം ക്യാമ്പ് ഫയറൊക്കെ വയ്ക്കുമ്പോൾ കേട്ടിരുന്ന പാട്ടാണിത്.
3. ഗോരിതേര
(ചിറ്റ്ചോർ)
ചേച്ചി ബോംബയിൽ നിന്ന് കത്തുകളയ്ക്കുമ്പോൾ പറഞ്ഞിരുന്നു യേശുദാസ് ഹിന്ദിയിൽ പാടിയ പാട്ട് ഹിറ്റാണെന്ന്. പിന്നീട് നാട്ടിൽ വന്നപ്പോൾ എൽ.പി റെക്കാഡ് കൊണ്ടുവന്നു.
4.സാഗരമേ ശാന്തമാകൂ
(മദനോത്സവം,1978)
പ്രണയത്തെ മനോഹരമായി അടയാളപ്പെടുത്തിയ പാട്ട്.
5. കാതിൽതേൻ
മഴയായി
ഞാൻ സംവിധാനം ചെയ്ത തുമ്പോളി കടപ്പുറത്തിലെ പാട്ട്. സലീൽ ചൗധരിയുടെ അവസാനകാലത്തെ കമ്പോസിംഗ്. ദാസേട്ടൻ പാടാൻ വരുമ്പോൾ സലീൽ ചൗധരി ട്യൂൺ ഹാർമോണിയത്തിൽ കേൾപ്പിക്കുമ്പോൾ ദാസേട്ടൻ കരയുകയാണ്.
വയലാർ ശരത് ചന്ദ്രവർമ്മ
ദാസേട്ടൻ അമ്മേ എന്ന് പാട്ടിലൂടെ വിളിച്ചാൽ ഏത് അമ്മയും വിളികേൾക്കും.
1.സ്വർഗം എന്ന
കാനനത്തിൽ സ്വർണ്ണമുഖീ
നദിക്കരയിൽ
2. പ്രളയപയോധിയിൽ
ഉറങ്ങിയുണർന്നൊരു
പ്രഭാമയൂഖമേ(മഴക്കാറ്)
3.വസുമതീ ....ഋതുമതീ..
ഇനിയുണരൂ ഇവിടെ വരൂ
4. ആന്ദോളനം ദോളനം
മധുരിപുഭഗവാൻ
മാനസമുരളിയെ
സർഗം
5. ആശ്ചര്യ ചൂഡാമണി,
അനുരാഗ പാൽക്കടൽ
തീക്കനൽ ഗുണസിംഗ്
വയലാർ
കെ.എസ് ചിത്ര
1. പ്രണയ വസന്തം തളിരണിയു
മ്പോൾ പ്രിയസഖിയെന്തേ മൗനം...
ഞാൻ ഏകനാണ് (1982)
എം.ജി. രാധാകൃഷ്ണൻ,
സത്യൻ അന്തിക്കാട്
ഞാൻ ആദ്യമായി അദ്ദേഹത്തിന്റെ കൂടെ പാടിയ പാട്ടാണിത്. അതിനു മുമ്പൊക്കെ റേഡിയോ സ്റ്റേഷനിൽ കൂട്ടുകാരുടെ കൂടെ പാടിയ അനുഭവം മാത്രമെ ഉണ്ടായിരുന്നുള്ളൂ. പാടുന്നതിന് മുമ്പ് രാധാകൃഷ്ണൻ ചേട്ടൻ പറഞ്ഞു. 'ലോകത്തിലെ ഏറ്റവും മികച്ച ഗായകന്റെ കൂടെയാണ് നീയിത് പാടാൻ പോകുന്നത്.
2. ഗാനമേ ഉണരൂ
ദുഃഖരാഗമേയുണരൂ...
മൗനരാഗം (1983), സംഗീതം കെ.ജെ.യേശുദാസ്, ശ്രീകുമാരൻ തമ്പി
ദാസേട്ടന്റെ സംഗീതത്തിൽ ഞാൻ ആദ്യം പാടിയ പാട്ട്. ദാസേട്ടൻ തന്നെ പഠിപ്പിച്ച പാട്ടാണ്. തരംഗിണിയിലാണ് റെക്കാഡിംഗ് നടന്നത്.
3. പറയാത്ത വാക്കൊരു വിഗ്രഹമായി അഗ്രഹാരത്തിന്റെ കോണിൽ..
ശ്യമരാഗം (2020), വി.ദക്ഷിണാമൂർത്തി, റഫീക്ക് അഹമ്മദ്
നേരത്തെ റെക്കാഡിംഗ് കഴിഞ്ഞെങ്കിലും ഇപ്പോഴാണ് ഈ ഗാനം പുറത്തിറങ്ങിയത്. ദാസേട്ടനുമൊത്ത് ഏറ്റവും ഒടുവിൽ ഒരുമിച്ച് പാടിയത് ഈ പാട്ടാണ്.
4. കരളിൻ കിളിമരത്തിൽ കാണാത്ത കൂടുകെട്ടി...
ആൽബം മധുരഗീതങ്ങൾ (1970)
വി.ദക്ഷിണാമൂർത്തി,
ശ്രീകുമാരൻ തമ്പി
ഈ ആൽബത്തിലെ എല്ലാ പാട്ടുകളും മനോഹരമാണ് . എല്ലാറ്റിന്റേയും വരികൾ എനിക്ക് കാണാപ്പാഠമാണ്. അന്ന് സ്കൂൾ വിദ്യാർത്ഥിനിയാണ്.
കരിനീല കണ്ണുള്ള പെണ്ണേ.., പെണ്ണിൻ കണ്ണീർ കവിളിലൊരുമ്മ, ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടു... എന്നിങ്ങനെ എല്ലാ പാട്ടുകളും എനിക്കറിയാം . ദാസേട്ടന്റെ ഈ പാട്ടുകൾ ഇപ്പോൾ കേട്ടാലും രസിക്കും.
5. യൗവനം പൂവനം നീയതിൽ
തേൻകണം
തുഷാരം (1981)
ഞാൻ ദാസേട്ടനുമായി ഒരുമിച്ച് സ്റ്റേജിൽ ആദ്യം പാടിയ പാട്ട്. സിനിമയിൽ ജാനകിഅമ്മയാണ് ദാസേട്ടനൊപ്പം പാടിയത്. എറണാകുളത്തായിരുന്നു വേദി. രണ്ടാമത് തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഓണത്തിന് ഇതേ പാട്ട് പാടി.
സുജാത
എനിക്ക് എത്രതവണ കേട്ടാലും മതിവരാത്ത പാട്ടുകളാണ് ഞാൻ തിരഞ്ഞെടുത്ത പാട്ടുകൾ. എല്ലാം പ്രണയാതുരമായ ഗാനങ്ങളാണ്.
1. മെല്ലെ മെല്ലെ മുഖപടം
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
അതിന്റെ റൊമാന്റിക് എലമന്റ് വച്ച് കേൾക്കാൻ ഭയങ്കര രസമാണ്.
2. യാത്രയായി സൂര്യാങ്കുരം
നിറം 1999
ഡ്യുയറ്റ് സോംഗ് ആണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ട ദാസേട്ടന്റെ പാട്ടുകളിൽ ഒന്നാണിത്. രണ്ട് കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നേരിയ ലൈൻ ആണ് ഈ പാട്ട്. ഒരാൾ വിട്ടുപോകുന്നതിന്റെ നൊമ്പരം മുഴുവൻ ഉണ്ട് ആ പാട്ടിൽ.
3. കായാമ്പൂ കണ്ണിൽ വിടരും
നദി
ഒരാൾ പാട്ട് പഠിക്കുമ്പോൾ എങ്ങനെയാണ് സംഗീതവും വരികളും ഒത്തുചേർന്ന് പാടേണ്ടത് എന്നതിന് ഉത്തമ ഉദാഹരണം.
4. സുറുമയെഴുതിയ മിഴികളേ
ബാബുക്ക- ദാസേട്ടൻ കൂട്ടായ്മയിൽ വന്ന എന്റെ ഏറ്റവും പ്രിയ ഗാനമാണിത്.
5. പൊൻവെയിൽ മണിക്കച്ച
നൃത്തശാല 1972
മുഴുവനും രാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ പാട്ട് എത്രത്തോളം ലളിതവത്കരിച്ച്, റൊമാന്റിക് ആയി പാടാം എന്നതിന്റെ ഉദാഹരണമാണ് ദാസേട്ടന്റെ ഈ ഗാനം.