
ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ സംയുക്തസമരത്തിൽ ഭിന്നത. സംയുക്ത പ്രക്ഷോഭം ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
ബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് മമത ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൂട്ടായ്മയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് മമത വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം കാരണം അഖിലേന്ത്യ നിലപാടിന് വിരുദ്ധമായി ജനുവരി 13ന് നടക്കുന്ന സി.എ.എ, എൻ.ആർ.സി വിരുദ്ധ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടെ അവർ പറഞ്ഞു. ഡൽഹിയിലെ മറ്റു പ്രതിപക്ഷ നേതാക്കളോട് യോഗത്തിൽ പങ്കെടുക്കാത്തതിൽ ക്ഷമിക്കണമെന്നും അവർ പറഞ്ഞു. ഇന്നലത്തെ ദേശീയ പണിമുടക്കിൽ സംസ്ഥാനത്തുടനീളമുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് മമത യോഗത്തിൽ നിന്ന് പിൻവാങ്ങിയത്.
പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്ട്രിയും എൻ.പി.ആറും ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും, ഇവയ്ക്കെതിരായ പ്രതിഷേധം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുമെന്നും മമത കൊൽക്കത്തയിൽ പറഞ്ഞു. അടുത്ത തിങ്കളാഴ്ചയാണ് സോണിയ ഗാന്ധി വിളിച്ചുചേർത്ത യോഗം.