kashmir-

ന്യൂഡൽഹി : കാശ്മീരിന്റെ ഒരിഞ്ചുപോലും പാകിസ്ഥാൻ വിട്ടുനൽകില്ലെന്ന് വിദേശ പ്രതിനിധി സംഘത്തോട് കാശ്മീർ നിവാസികൾ അഭിപ്രായപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ പതിനഞ്ചോളം രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തോട് ജനങ്ങൾ നടത്തിയ പ്രതികരണം സംബന്ധിച്ച് വിവരങ്ങളാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാശ്മീരിൽ ഇന്ത്യ ചോരപ്പുഴ ഒഴുക്കുകയാണെന്ന പാക് വാദം പാടേ തെറ്റാണെന്നും അത്തരം പ്രശ്നങ്ങൾ ഇല്ലെന്നും ജനങ്ങൾ പ്രതിനിധി സംഘത്തോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പഞ്ചായത്ത് മെമ്പർമാരെയും സന്നദ്ധസംഘടനകളെയും തദ്ദേശ സ്ഥാപനങ്ങളും സംഘം സന്ദർശിച്ചു. ഇവിടെ ചില ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാൽ സമാധാനം നിലനിറുത്താൻ അത് അത്യാവശ്യമാണെന്നും പ്രദേശവാസികൾ പറ‍ഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അമേരിക്കൻ അംബാസഡർ കെനത്ത് ജസ്റ്റർ, സൗത്ത് കൊറിയൻ അംബാസഡർ ഷിന്‍ ബോങ് കിൽ, നോർവീജിയൻ അംബാസിഡർ ഹാൻസ് ജേക്കബ് ഫ്രൈഡൻലുൻഡ്, വിയറ്റ്നാം അംബാസിഡർ ഫാം സാൻഹ് ചാ, അർജന്റീന പ്രതിനിധി കൺവോയ് ഡാനിയൽചുബുറു അടക്കം പതിനഞ്ചോളം വിദേശ പ്രതിനിധിസംഘമാണ് സന്ദർശനം നടത്തിയത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചിരുന്നു.

യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഇവർക്കൊപ്പമുണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ സർക്കാർ മേൽനോട്ടത്തിലുള്ള സന്ദർശനത്തിന് താത്പര്യമില്ലായെന്ന് കാട്ടി അവർ ഇന്ത്യയുടെ ക്ഷണം നിരസിച്ചുവെന്നാണ് റിപ്പോർട്ട്..