
ഇരിങ്ങാലക്കുട: സെൻകുമാറിനെ ഡി.ജി.പിയാക്കിയത് തനിക്ക് പറ്റിയ അബദ്ധമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടി.പി സെൻകുമാർ.
ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണെന്ന് സെൻകുമാർ പറഞ്ഞു. "ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അതു കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്. അല്ലാതെ ഇവരെ പോലുള്ളവരല്ല" എന്നും സെൻകുമാർ പറഞ്ഞു.
തന്നെ ഡി.ജി.പിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"ആഭ്യന്തര മന്ത്രിയല്ല ഡി.ജി.പിയെ നിയമിക്കുന്നത്. അത് മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം കാര്യങ്ങൾ വ്യക്തമായി പഠിക്കട്ടെ. താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും അദ്ദേഹം വിമർശിച്ചു. ആവശ്യത്തിനനുസരിച്ച് താൻ ഇനിയും പറയുമെന്നും ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും പറഞ്ഞാണ് സെൻകുമാര്‍ പ്രസംഗം അവസാനിപ്പിച്ചത്. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിയിലായിരുന്നു ചെന്നിത്തലയ്ക്ക് എതിരെ സെൻകുമാറിന്റെ പ്രസംഗം.