അജ്മാൻ: എൺപത്തിയേഴാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം യു.എ.ഇ സേവനം ശാഖയുടെ ആഭിമുഖ്യത്തിൽ യു.എ.ഇയിൽ സംഘടിപ്പിക്കുന്ന പത്താമത് ശിവഗിരി തീർത്ഥാടന സംഗമം ഇന്ന് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. യു.എ.ഇയിലെ എട്ട് യൂണിയനുകളുടെയും യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, ബാലജനയോഗം എന്നിവയുടെയും സഹകരണത്തോടെയാണ് പരിപാടികൾ.
രാവിലെ അഞ്ചിന് ഗണപതി പൂജയോടെ ആരംഭിക്കുന്ന സംഗമത്തിന് എസ്.എൻ.ഡി.പി യോഗം യു.എ.ഇ ചെയർമാൻ എം.കെ.രാജൻ ധർമ്മപതാകോദ്ധാരണം നിർവഹിക്കും. 8.30 ന് സർവൈശ്വര്യ പൂജയ്ക്കു ശേഷം വനിതാസംഘം അവതരിപ്പിക്കുന്ന ശ്രീനാരായണ ഭജൻ. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യും. 10.45 ന് ഗുരുമണ്ഡപത്തിൽ പദയാത്രാ സ്വീകരണവും സമൂഹ പ്രാർത്ഥനയും നടക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഭദ്രദീപ പ്രകാശനം നിർവഹിക്കും.
തീർത്ഥാടന സംഗമ സമ്മേളനം രാവിലെ 11.30 ന് ആരംഭിക്കും. 2.30 മുതൽ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ലളിതാ സഹസ്ര നാമാർച്ചനയ്ക്കു ശേഷം ഗണപതി മണ്ഡപത്തിലും ശാരദാ മണ്ഡപത്തിലും പൂജകൾ, ഗുരുമണ്ഡപത്തിൽ വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന എന്നിവയും നടക്കുമെന്ന് ചെയർമാൻ എം.കെ. രാജൻ, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, സെക്രട്ടറി കെ.എസ്. വാചസ്പതി, ജനറൽ കൺവീനർ ഷൈൻ കെ. ദാസ്, ഫിനാൻസ് കൺവീനർ ജെ.ആർ.സി ബാബു എന്നിവർ അറിയിച്ചു. കൗമുദി ടിവി സംപ്രേഷണം ചെയ്ത മഹാഗുരു മെഗാപരംപരയുടെ ഡിവിഡി പ്രകാശനവും സമ്മേളത്തിൽ നടക്കും.