കൊച്ചി: പ്രേമബന്ധത്തിൽ നിന്ന് പിൻമാറിയതിന്റെ വൈരാഗ്യത്തിൽ പ്‌ളസ്‌ടു വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ എറണാകുളം നെട്ടൂർ സ്വദേശി സഫർഷായെ (26) എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വിശദമായി ചോദ്യം ചെയ്യാൻ ഇയാളെ അടുത്തദിവസം കസ്‌റ്റഡിയിൽ വാങ്ങുമെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു.
കൊടും ക്രൂരതയ്‌ക്കിരയായ എറണാകുളം കലൂർ താനിപ്പിള്ളിൽ ഗോപികയെന്ന ഇവ ആന്റണിയുടെ (17) സംസ്‌കാരം ഇന്നലെ നടന്നു. എറണാകുളം സെന്റ് ആൽബർട്സ് കേളേജ് കാമ്പസിലെ ഈശോ ഭവൻ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഗോപിക. പ്രണയത്തിൽ നിന്ന് പിൻമാറിയതോടെ ചില കാര്യങ്ങൾ പറഞ്ഞ് ഒഴിയാമെന്ന് പറഞ്ഞ് തന്ത്രപൂർവം കാറിൽകയറ്റി വാൽപ്പാറയ്‌ക്ക് സമീപം കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം തേയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് പൊള്ളാച്ചിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെക്ക്പോസ്‌റ്റിലെ പരിശോധയ്‌ക്കിടെ വാഹനത്തിലെ രക്തക്കറ കണ്ട് ഉദ്യോഗസ്ഥർ സഫറിനെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. തമിഴ്നാട് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വഴിയോരത്ത് കാറുനിറുത്തി സംസാരിക്കുന്നതിനിടെ മുൻ സീറ്റിലിരുന്ന ഗോപികയെ സഫർ കുത്തുകയായിരുന്നു. വയറിലും കഴുത്തിലുമേറ്റ കുത്താണ് മരണകാരണം. ഇതിനായി മൂന്നുദിവസം മുമ്പേ കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. കാർ ഷോറൂമിലെ ഡ്രൈവറായിരുന്ന സഫർ അവിടുന്ന് മോഷ്‌ടിച്ച കാറിലാണ് കൊലപാതകം നടത്തിയത്.