ഇരിങ്ങാലക്കുട: ഡി.ജി.പിയെ നിയമിക്കുന്നത് ആഭ്യന്തരമന്ത്രിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മനസ്സിലാക്കണമെന്നും, ചെന്നിത്തലയ്ക്ക് കേൾക്കാൻ ആഗ്രഹമുള്ളത് താൻ പറയണമെന്ന് വിചാരിച്ചാൽ നടക്കില്ലെന്നും മുൻ ഡി.ജി.പി. ടി.പി. സെൻ കുമാർ പറഞ്ഞു.
തന്നെ ഡി.ജി.പിയായി നിയമിച്ചത് ദുരന്തമായെന്ന ചെന്നിത്തലയുടെ പ്രസ്താവനയോട് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വഭേദഗതി നിയമത്തിന്റെ അനിവാര്യത വിശദീകരിക്കാൻ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു സമ്മേളനം.
മുസ്‌ലീം ലീഗിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവാൻ നടക്കുന്ന ചെന്നിത്തലയെക്കാൾ തനിക്ക് പ്രാധാന്യം വർഗീയ ധ്രൂവീകരണവും വർഗീയ സ്പർദ്ധകളും തടയുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായത്. സീനിയർ നേതാവ് കെ. കരുണാകരനടക്കമുള്ളവർക്ക് ചെന്നിത്തലയിൽ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ച് താൻ കൂടുതലായി ഒന്നും പറയുന്നില്ലെന്നും സെൻകുമാർ പറഞ്ഞു.