ഗുരുവായൂർ: കോട്ടക്കൽ ചങ്കുവെട്ടി കോഴിച്ചെനയിൽ പത്രവുമായി പോവുകയായിരുന്ന കാർ ബസുകൾക്കിടയിൽപെട്ട് ഗുരുവായൂർ സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണ മരണം. കാർ യാത്രികരായ ഇരിങ്ങപ്പുറം സിറാജുൽ മദ്രസക്ക് സമീപം പുതുവീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇർഷാദ് (20), മണിഗ്രാമം ജംഗ്ഷന് സമീപം അമ്പലത്ത് വീട്ടിൽ സലീമിന്റെ മകൻ ഹക്കീം (20) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ മേലേ കോഴിച്ചെന പള്ളിക്കു സമീപമായിരുന്നു അപകടം. പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാർ. ദീർഘദൂര യാത്രാ ബസിനെ മറികടക്കുന്നതിനിടെ കാർ എതിർവശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ഇടയിൽ അകപ്പെടുകയായിരുന്നു. പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. .ഇർഷാദ് തൊഴിയൂർ ഐ.സി.എ കോളേജിലെ അവസാന വർഷ ബികോം വിദ്യാർത്ഥിയാണ്. മാതാവ്: ഷൈലജ. സഹോദരങ്ങൾ: ഷാഹിദ്, ഇൻഷാദ്. ഹക്കീം ഗുരുവായൂർ മേഴ്‌സി കോളജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. മാതാവ്: സഫിയ. സഹോദരി: സബിത.