bjp

ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാലയിലെ ആക്രമണത്തിന് ശേഷം ബോളീവുഡ് താരം ദീപിക പദുക്കോൺ ക്യാമ്പസിലെത്തി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ദീപികയ്ക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. പല തരത്തിലുള്ള പ്രചാരണമാണ് താരത്തിനെതിരെ ബി.ജെ.പി നടത്തിയത്. ഇതിൽ പ്രധാനമായി ദീപികയെ ട്വിറ്ററിൽ അൺഫോളോ ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ്. എന്നാൽ ബി.ജെ.പിയുടെ ആ നീക്കങ്ങളെല്ലാം പാളിപ്പോയെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ദീപികയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ വർദ്ധനവാണ് സംഭവത്തിന് ശേഷം ഉണ്ടായത്. സംഘപരിവാറിന് കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് 40,000 പേരാണ് ദീപികയെ പുതുതായി ഫോളോ ചെയ്തതെന്നും റിപ്പോർട്ടുണ്ട്. നേരത്തെ ‘ചപക്’ ബഹിഷ്‌കരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണത്തിലെ കള്ളക്കളികളും സോഷ്യൽ മീഡിയ പൊളിച്ചിരുന്നു. സിനിമയക്ക് ബുക്ക് ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്തതായി പലരും പങ്കുവെച്ച ചിത്രങ്ങളെല്ലാം ഒരേ ഒരു ടിക്കറ്റിന്റേതാണെന്ന് കണ്ടെത്തി. ഇതോടെ സംഘപരിവാർ പുതിയ തന്ത്രവുമായി രംഗത്തെത്തുകയായിരുന്നു.

മാത്രമല്ല ബി.ജെ.പി അനുകൂലികളുടെ പ്രചരണത്തിനെതിരെ സ്റ്റാൻഡ് വിത്ത് ദീപിക, ഐ സപ്പോർട്ട ദീപിക തുടങ്ങിയ ഹാഷ് ടാഗുകള്‍ക്ക് സോഷ്യൽ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം ചപകിനെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഛത്തീസ്ഗഡും രംഗത്തെത്തി. സാമൂഹ്യ പ്രതിബദ്ധത ഉയർത്തുന്ന ചിത്രമായതിനാൽ ആണ് വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ഇരു സംസ്ഥാനങ്ങളും അറിയിച്ചു.