blive
ബി-ലൈവിന്റെ സ്‌മാ‌ർട് ഇലക്‌ട്രിക് ബൈക്ക് ടൂറിസം പദ്ധതിക്ക് കൊച്ചിയിൽ സി.ഇ.ഒ സമർത്ഥ് ഖോൽക്കർ, സി.ഒ.ഒ സന്ദീപ് മുഖർജി എന്നിവർ ചേർന്ന് തുടക്കമിടുന്നു.

കൊച്ചി: ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് വാഹന ടൂറിസം സംരംഭകരായ ബി-ലൈവ് കേരളത്തിലും സാന്നിദ്ധ്യമറിയിക്കുന്നു. ഗോവ ആസ്ഥാനമായുള്ള ഈ ഇക്കോ-ടൂറിസം സ്‌റ്റാർട്ടപ്പിന് ഗോവയ്ക്ക് പുറമേ പുതുച്ചേരി, കർണാടക, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിലവിൽ സാന്നിദ്ധ്യമുണ്ട്. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന സ്‌മാർട് ഇലക്‌ട്രിക് ബൈക്ക് അധിഷ്‌ഠിത ടൂർ പാക്കേജാണ് കമ്പനി വിനോദസഞ്ചാരികൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. കേരളത്തിൽ കൊച്ചി, കോട്ടയം (കുമരകം), കോവളം എന്നിവിടങ്ങളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചിയിൽ ആദ്യഘട്ടത്തിൽ 20 ഇലക്‌ട്രിക് ബൈക്കുകൾ അവതരിപ്പിക്കും. തുടർന്ന്, കുമരകത്തും കോവളത്തും സാന്നിദ്ധ്യമറിയിക്കുന്നതിലൂടെ ഇത് 100 എണ്ണമായി ഉയർത്തുമെന്ന് ബി-ലൈവ് സഹസ്ഥാപകനും സി.ഇ.ഒയും സമർത്ഥ് ഖോൽക്കർ, സഹസ്ഥാപകനും സി.ഒ.ഒയുമായ സന്ദീപ് മുഖർജി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒറ്റ ചാർജിംഗിൽ 50 കിലോമീറ്രർ സഞ്ചരിക്കുന്ന ബൈക്കാണിത്.

കൊച്ചിയിൽ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ടൂർ പാക്കേജ്. പരിശീലനം ലഭിച്ച ക്യാപ്‌റ്റൻ, ലഘുഭക്ഷണ പാനീയങ്ങൾ, സ്ളിംഗ് ബാഗ്, കുപ്പിവെള്ളം, സേഫ്‌ടി ഗിയർ, പ്രാഥമിക ചികിത്സ, സാങ്കേതിക പ്രശ്നങ്ങൾക്ക് ബാക്കപ്പ് സപ്പോർട്ട് എന്നിവയടങ്ങിയ പാക്കേജിന് 1,500 രൂപയാണ് നിരക്ക്. ഉത്തരവാദിത്ത ടൂറിസത്തിന് മികച്ച പ്രോത്സാഹനമേകുന്നതാണ് ബി-ലൈവിന്റെ ഇലക്ട്രിക് വാഹന ടൂറിസം സംരംഭമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.