ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുലിനെയും പ്രിയങ്കയെയും കടുത്തഭാഷയിൽ വിമർശിച്ച് ബി.ജെ.പി നേതാവ് ഉമാഭാരതി. മുഹമ്മദലി ജിന്നയില്ലെന്നത് യാഥാർത്ഥ്യമാണ്.. എന്നാൽ ഇപ്പോൾ രാഹുൽ ജിന്നയും പ്രിയങ്ക ജിന്നയും ഉണ്ട്. അവരാണ് പൗരത്വനിയമത്തിന്റെ പേരിൽ മുസ്ലീങ്ങളെ അസ്വസ്ഥപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഉമാഭാരതി പറഞ്ഞു. സോണിയാ ഗാന്ധിയുടെ പിതാവ് ഇറ്റലിയിൽ മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങൾ ആരെങ്കിലും പറഞ്ഞോയെന്നും ഉമാഭാരതി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രതികരണം. താങ്കളുടെ കുടുംബത്തിലെ ആരെങ്കിലും സ്വാതന്ത്ര്യസമരസേനാനികൾ ഉണ്ടോയെന്നായിരുന്നു മോദിയോടുള്ള കമൽനാഥിന്റെ ചോദ്യം.യുവാക്കളെ കുറിച്ചും കർഷകരെപ്പറ്റിയും എപ്പോഴെങ്കിലും മോദി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ.പക്ഷേ അവർ നമ്മളെ ദേശസ്‌നേഹം പഠിപ്പിക്കാൻ വരും. സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ മറന്നു കൊണ്ട് അദ്ദേഹം നമ്മളോട് ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുമെന്ന് കമൽനാഥ് പറഞ്ഞു.