ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബത്തിൽ ആരെങ്കിലും സ്വാതന്ത്ര്യ സമരസേനാനിയുണ്ടോ എന്ന മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. മോദിയുടെ മാതാപിതാക്കളോ, മുത്തച്ഛൻമാരോ ഒരിക്കലും രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. അവർ അന്നത്തെ ജീവിതം മുന്നോട്ടു നയിക്കുന്നതിനായി ചായ വിറ്റുജീവിക്കുകയായിരുന്നുവെന്ന് ജാവദേകർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടാണ് കമൽനാഥ് മോദിക്കെതിരെ രംഗത്തുവന്നത്. യുവാക്കളെ കുറിച്ചും കർഷകരെപ്പറ്റിയും എപ്പോഴെങ്കിലും മോദി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോയെന്ന് കമൽനാഥ് ചോദിച്ചു.പക്ഷേ അവർ നമ്മളെ ദേശസ്‌നേഹം പഠിപ്പിക്കാൻ വരും. സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ മറന്നു കൊണ്ട് അദ്ദേഹം നമ്മളോട് ചോദിക്കും, നമ്മളുമായി ബന്ധമുള്ള സ്വതന്ത്ര്യസമര സേനാനികൾ ആരെങ്കിലുമുണ്ടോയെന്ന്. കമൽനാഥ് പറഞ്ഞു.