ന്യൂഡൽഹി: ആക്രമണത്തിനിരായ ജെ.എൻ.യു വിദ്യാർത്ഥികളെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിന്റെ പരസ്യചിത്രം കേന്ദ്ര സർക്കാർ പിൻവലിച്ചു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സ്കിൽ ഇന്ത്യക്കു വേണ്ടിയുള്ള പ്രമോഷണൽ വീഡിയോ ആണ് സർക്കാർ പിൻവലിച്ചത്. വീഡിയ ദൃശ്യങ്ങൾ കൂടുതൽ പരിശോധനയ്ക്കും വിലയിരുത്തലിനും വേണ്ടി മാറ്റി വെച്ചിരിക്കുകയാണെന്നാണ് ഇതിൽ കേന്ദ്രം നൽകുന്ന വിശദീകരണം.
ആസിഡ് ആക്രണത്തിന് ഇരയായവരെക്കുറിച്ചും സ്കിൽ ഇന്ത്യയെക്കുറിച്ചും ദീപിക സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ഉൾപ്പടെ ഈ പ്രമോഷണൽ വീഡിയോ പ്രചാരണത്തിന് നൽകിയിരുന്നു. 45 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന വീഡിയോയിൽ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങൾ ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിക്കുന്നത്. ബുധനാഴ്ചയായിരുന്നി വീഡിയോ റിലീസ് ചെയ്തത്. എന്നാൽ, ചൊവ്വാഴ്ച രാത്രി ദീപിക ജെ.എൻ.യുവിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയതോടെ വീഡിയോ പിൻവലിക്കുകയായിരുന്നു.
ദീപികയുടെ പുതിയ ചിത്രമായ ചാപകിൽ ഒരു ആസിഡ് ആക്രണത്തിന്റെ ഇരയായാണ് അവർ അഭിനയിക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായവരെക്കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. പ്രമോഷണൽ വീഡിയോ റിലീസ് ചെയ്യുന്നതിന് മുമ്പ് ദീപിക ആസിഡ് ആക്രമണത്തിന് ഇരയായവരുമായി കൂടിക്കാഴ്ച നടത്തിയതിനെ നൈപുണ്യ വികസനം മന്ത്രാലയം അഭിനന്ദിച്ചിരുന്നു. എന്നാൽ ദീപികയുമായി സ്കില്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക കരാര്‍ ഒന്നുമില്ലെന്നാണ് മന്ത്രാലയം വിശദീകരണം നൽകുന്നത്.