bigbillion-startup-

ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു 2018 മേയിൽ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമോഴ്സ് സ്റ്റാർട്ടപ്പായ ഫ്ലിപ് കാർട്ടിനെ 16 ബില്യൺ ഡോളറിന് സ്വന്തമാക്കാൻ ഇത്രയും വൻതുകയ്ക്ക് വാൾമാർട്ട് ഒരു കമ്പനിയെ ഏറ്റെടുക്കുന്നത്. ബെംഗളൂരുവിലെ ഒരു ചെറിയ മുറിയിൽ ആരംഭിച്ച ഫ്ലിപ്കാർട്ടിന്റെ വിജയയാത്രയിലെ സുപ്രധാന നിമിഷമായിരുന്നു അത്.


കോറമംഗലയിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ ജീവനക്കാർ ആഘോഷത്തിലായിരുന്നപ്പോൾ ഫ്ലിപ് കാർട്ട് സഹസ്ഥാപകൻ നിരാശനായി വേറൊരിടത്തായിരുന്നു.ഓഫീസിൽ നിന്ന് അകലെയുള്ള സത്യാസ് ബാറിലായിരുന്നു സച്ചിൻ ബൻസാൽ. ഒറ്റയ്ക്കായിരുന്ന സച്ചിൻ ആഘോഷത്തിന്റെ ലഹരിയിലായിരുന്നില്ല.. നിരാശയായിരുന്നു ആ മുഖത്ത്. രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട സംരംഭകരിൽ ഒരാളായ സച്ചിന്റെ സ്വപ്നമാണ് പാതിവഴിയിൽ അവസാനിച്ചത്. ്തിനാലാകാണം ഫ്ലിപ്കാർട്ടിന്റെ ആദ്യനാളുകളിലെ സച്ചിനായി സത്യാസിൽ അയാൾ വീണ്ടുമെത്തിയത്


ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുക്കാനുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ സച്ചിനെ കമ്പനിയിൽനിന്ന് പുറത്താക്കുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ വാൾമാർട്ട് ഫ്ലിപ്കാർട്ടിലെ ഏറ്റവും വലിയ നിക്ഷേപകൻ ആകുന്നതോടെ സി.ഇ.ഒ സ്ഥാനത്തേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു സച്ചിൻ. പക്ഷേ സച്ചിന് അവസാനം ഫ്ലിപ്കാർട്ടിന്റെ പടിയിറങ്ങേണ്ടി തന്നെവന്നു.

പിന്നീട് ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ ബിന്നി ബൻസാലിനും ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ, ബോർഡ് ചെയർമാൻ സ്ഥാനങ്ങളിൽനിന്ന് രാജിവയ്ക്കേണ്ടി വന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിന് ഫ്ലിപ്കാർട്ടിൽനിന്ന് മാറിനിൽക്കാൻ മാസങ്ങൾക്കു മുമ്പ് ബിന്നി തീരുമാനിച്ചിരുന്നു. എന്നാൽ സച്ചിൻ പുറത്താകുമെന്ന് ഉറപ്പായതോടെ ബിന്നി തീരുമാനം മാറ്റി. ഇതിനിടെയാണ് ഫ്ലിപ്കാർട്ടിലെ മുൻ ജീവനക്കാരി പരാതിയുമായി രംഗത്തുവരുന്നത്.

ബെംഗളൂരുവിലെ താമസസ്ഥലത്ത് സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാരംഭിച്ച ഫ്ലിപ്കാർട്ട് അതിന്റെ വളർച്ചയുടെ നിർണായക ഘട്ടത്തിലെത്തിയപ്പോൾ സ്ഥാപകർ രണ്ടുപേരും എങ്ങനെ പുറത്തായി? അവർക്ക് എവിടെയാണ് പിഴവ് പറ്റിയത്. അധികാരത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണോ അവരെ നശിപ്പിച്ചത്.

പത്രപ്രവർത്തകനായ മിഹിർ ദലാൽ രചിച്ച് മാക്മില്ലൻ ഇന്ത്യ പ്രസിദ്ധീകരിച്ച ‘ബിഗ് ബില്യൻ സ്റ്റാർട്ട്അപ്– ദി അൺടോൾഡ് ഫ്ലിപ്കാർട്ട് സ്റ്റോറി’ പറയുന്നത് ഇതിന്റെ ബാക്കി ചരിത്രമാണ്.. ഫ്ലിപ്കാർട്ടിന്റെ തുടക്കം മുതൽ സച്ചിനും ബിന്നിയും പുറത്താകുന്നതു വരെയുള്ള സംഭവവികാസങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇന്ത്യയിലെ സ്റ്റാർട്ട്അപ്പുകളെയും ഇന്റർനെറ്റ് കമ്പനികളെയും കുറിച്ചും ഫ്ലിപ്കാർട്ട് അവയെ എങ്ങനെ സ്വാധീനിച്ചുവെന്നും പുസ്തകം പരിശോധിക്കുന്നു.

നൂതന ആശയവും അർപ്പണബോധവും ഉണ്ടെങ്കിൽ ഒരു ബില്യൻ ഡോളർ കമ്പനി വളർത്തിയെടുക്കാൻ കഴിയുമെന്ന സന്ദേശം മാത്രമല്ല പുസ്തകം നൽകുന്നത്. തീരുമാനങ്ങളിലെ പിഴവുകൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന പാഠം കൂടിയാണ്. സ്വന്തമായൊരു സംരംഭം എന്ന സ്വപ്നമുള്ള എല്ലാവർക്കും മിഹിർ ദലാലിന്റെ ബിഗ് ബില്യൻ സ്റ്റാർട്ട് അപ്പ് നല്ലൊരു പാഠപുസ്തകമായിരിക്കും.