amit-sha-

മുംബയ് : കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അദ്ധ്യക്ഷനുമായ അമിത് ഷായെ സംശയത്തിന്റെ നിഴലിലാക്കിയ ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ശക്തമായ തെളിവ് ലഭിച്ചാൽ കേസ് വീണ്ടും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് വ്യക്തമാക്കി. കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തികളെ ഉടൻ കാണുമെന്നും അനിൽ ദേശ്‌മുഖ് പറഞ്ഞു.

സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബയ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണു നാഗ്പുർ സിവിൽ ലെയ്നിനടുത്തുള്ള ഗസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്പുരിലെത്തിയത്. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

സംഭവത്തിൽ വിശദമായി അന്വേഷണമുണ്ടാകുമെന്നു സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സൂചിപ്പിച്ചിരുന്നു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും ഇതിനോടു യോജിച്ചിരുന്നു. കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും 2018ൽ നിലപാട് എടുത്തയാളാണ് ഉദ്ധവ് താക്കറെ.