വാഷിംഗ്ടൺ: കഴിഞ്ഞദിവസം ഉക്രെയ്ൻ യാത്രാവിമാനം തകർന്നത് ഇറാന്റെ മിസൈൽ പതിച്ചെന്ന് അമേരിക്ക. ഉപഗ്രഹദൃശ്യങ്ങളിൽ അപകട കാരണം വ്യക്തമായതായി യു എസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാന്റെ മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്ന് പെന്റഗൺ ഉദ്യോഗസ്ഥനും യു.എസിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ഇറാഖിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു
ടെഹ്‌റാൻ ഇമാം ഖൊമേനി ഇന്റർനാഷണൽ എയർപോട്ടിൽ നിന്ന് ബോയിംഗ് 737–800 എന്ന ഉക്രെയ്ൻ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിവരങ്ങൾ കൈമാറുന്നത് നിർത്തി. ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി അധികം വൈകാതെയായിരുന്നു ഇത്. റഷ്യൻ നിർമിത ടോർ-എം 1 മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് നാറ്റോ അധികൃതരും വെളിപ്പെടുത്തി.
സംഭവം ആകസ്മികമാണെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ. റെവല്യൂഷണറി ഗാർഡ് ഖുദ്സ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഖാസെം സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായുള്ള ഇറാന്റെ മിസൈൽ ആക്രമണഫലമായാണ് വിമാനവേധ വേധ സംവിധാനം ആക്ടീവ് ആയതെന്നും വൃത്തങ്ങൾ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന 176 പേരിൽ 82 പേർ ഇറാൻ സ്വദേശികളും 63 കനേഡിയൻ പൗരന്മാരുമായിരുന്നു. 11 ഉക്രേനിയക്കാരും 10 സ്വീഡിഷ്, ഏഴ് അഫ്ഗാൻ, മൂന്ന് ജർമ്മൻ പൗരന്മാരുമുണ്ട്. എല്ലാവരും കൊല്ലപ്പെട്ടു.