asi-murder-

തിരുവനന്തപുരം: കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസണെ വെടിവച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. തീവ്രവാദ സംഘങ്ങളെ അറസ്റ്റ് ചെയ്തതിന്റെ പകപോക്കലാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിനിടെ തമിഴ്നാട് പൊലീസ് നിരന്തരം ഇവരുടെ വീടുകളിൽ പരിശോധന നടത്തി കുടുംബാംഗങ്ങളെ ഉപദ്രവിച്ചതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നുണ്ട്. പൊലീസ് ഇവരുടെ സഹോദരിമാരെ പിടിച്ചുതള്ളിയെന്നും കൈയിൽ കയറിപ്പിടിച്ചെന്നും ആരോപണമുണ്ട്.

കന്യാകുമാരി, തിരുവിതാംകോട്, അടുപ്പ് വിളി സ്ട്രീറ്റ്,1/183A യിൽ അബൂ ഹനീഫയുടെ മകൻ അബ്ദുൽ ഷെമീം (25), മുഹമ്മദ്‌ യൂസഫിന്റെ മകൻ തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഷമീം 2014ൽ ചെന്നൈയിൽ ഹിന്ദുമുന്നണി ഒാഫീസ് ആക്രമിച്ച് ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇരുവർക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെക്കൻ തമിഴ്നാട്ടിലെ ഭീകര പ്രവർത്തനങ്ങളിലും ഇവർക്ക് മുഖ്യപങ്കുള്ളതായി സൂചനയുണ്ട്. ഇവരടക്കം നാല് പേർ ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തമിഴ്നാട് ഇന്റലിജൻസ് രണ്ടാഴ്ചമുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇവർക്ക് ഭീകര വർഗീയ സംഘടനാബന്ധവും പൊലീസ് സംശയിക്കുന്നു.

പ്രതികൾ ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ദപരിശീലനം നേടിയവരാണെന്ന് പൊലീസ് പറയുന്നു. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും തമിഴ്‌നാട് പൊലീസ് പറഞ്ഞു. ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതും. കളിയിക്കാവിളയിൽ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്‌പോസ്റ്റ്. രാത്രിയിൽ ഒൻപതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികൾ രക്ഷപ്പെട്ട ആരാധനാലയവും ഒൻപതുമണിയോടെയാണ് വിജനമാകാറ്‌.

അതേസമയം, കൊലയ്ക്കുശേഷം തൗഫീഖും ഷെമീമും കേരളത്തിലേക്ക് കടന്നുവെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം,​ കൊല്ലം,​ എറണാകുളം ജില്ലകളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകി. മറ്റ് ജില്ലകളിലും പരിശോധനയുണ്ട്. സ്ഥലത്തെ കുറിച്ച് വ്യക്തമായി പഠിച്ചാണ് പ്രതികൾ കൊല നടത്തിയത്. തുടർന്ന് ഓടിരക്ഷപ്പെട്ട പ്രതികൾ ഒരു കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചിട്ടില്ലെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ടി.എൻ 57 എ.ഡബ്ല്യു 1559 എന്ന സ്‌കോർപ്പിയോ കാറിലാണ് ഇവർ

എത്തിയതെന്നാണ് നിഗമനം. കാമറ ഇല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ശേഷം ചെക്ക്പോസ്റ്റിൽ എത്തിയെന്നാണ് കരുതുന്നത്. ​പ്രതികൾക്കായി റെയിൽ​വേ സ്റ്റേഷനുകളിലും കർശന പരിശോധനയുണ്ട്. സി.സി ടി.വി ദൃശ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.