red-235

മുന്നിൽ നിന്ന കറുത്ത രൂപം ക്രൂരമായി ചിരിച്ചു.

''എവിടെയോ കിടന്ന ഒരു അഭിസാരികയെ രാമഭദ്രൻ തമ്പുരാന്റെ മുന്നിൽ നാടകീയമായി എത്തിച്ചത് നീയല്ലേ?"

''അ... തെ."

താനിപ്പോൾ കുഴഞ്ഞ് താഴെ വീഴും എന്നു തോന്നി ശ്രീനിവാസകിടാവിന്.

''വസുന്ധര തമ്പുരാട്ടിയും കുട്ടിയും ആഢ്യൻപാറയ്ക്കരുകിൽ മരണപ്പെട്ടു കിടന്നതിനു പിന്നിലും നിനക്ക് മനസ്സറിവില്ലായിരുന്നോ?"

സമ്മതിച്ചു പോയി കിടാവ്.

''പിന്നെ ആർക്കൊക്കെ അതിൽ പങ്കുണ്ടായിരുന്നു?"

''അത്... ചന്ദ്രകലയ്ക്കും പ്രജീഷിനും..."

''മറ്റാർക്കുമില്ലായിരുന്നോ?"

''ഇല്ല..."

കമ്പി ഒന്നുകൂടി പുളഞ്ഞിറങ്ങി. ഇത്തവണ കിടാവിന്റെ വലതുഭാഗത്ത് വയറ്റിൽ...

വില്ലുപോലെ കിടാവ് മുന്നിലേക്കു വളഞ്ഞു.

പിന്നിൽ നിന്നവർ അയാളെ വലിച്ചുയർത്തിയപ്പോൾ കമ്പി തനിയെ ഊരിപ്പോന്നു.

തീയിൽ വീണ പാമ്പിനെപ്പോലെ പുളയുകയാണ് കിടാവ്. പിടിവിട്ടാൽ അയാൾ തറയിൽ വീണു വെട്ടിപ്പിടയും. എന്നാൽ ബലിഷ്ഠമായ കരങ്ങളാണ് അയാളെ പിടിച്ചുനിർത്തിയിരിക്കുന്നത്.

മുറിവുകളിൽ നിന്നു മഴത്തുള്ളികൾ പോലെ രക്തം തറയിലേക്ക് ഊറിവീണു ചിതറിക്കൊണ്ടിരുന്നു.

''ഇനിയൊന്നുകൂടി ചിന്തിച്ചുനോക്കിക്കേടാ. എല്ലാത്തിനും പിന്നിൽ, അതായത് നിനക്കും മുകളിൽ വേറെ ചിലർ ഇല്ലായിരുന്നോ? ശരിക്കുള്ള സൂത്രധാരന്മാർ?"

''ഉണ്ടായിരുന്നു."

കിടാവ് വിവശനായി.

''കൊള്ളാം. നീ സത്യം പറഞ്ഞു തുടങ്ങിയിരിക്കുന്നു... പക്ഷേ അവരുടെ പേര് നീ പറയണ്ടാ. പറഞ്ഞാൽ ആ നിമിഷം തന്നെ നിന്നെ ഞാൻ കൊന്നുപോകും. അടുത്ത ചോദ്യം. കോവിലകത്തെ നിലവറയ്ക്കുള്ളിൽ നിധിശേഖരം ഉണ്ടെന്നു നിന്നോടു പറഞ്ഞതും അവരല്ലായിരുന്നോ?

''ഉവ്വ്."

''നേരത്തെ പൊളിച്ചെടുത്ത നിധി ആരുകൊണ്ടുപോയി? നീയോ അതോ അവരോ?"

''അവര്..."

''രാമഭദ്രൻ തമ്പുരാന് വസുന്ധര തമ്പുരാട്ടിയിൽ ഒരു മകളുണ്ടായിരുന്നല്ലോ. പത്താം ക്ളാസിൽ പഠിച്ചിരുന്ന കുട്ടി. അവളെ നിനക്കറിയാമോ?" ആ ചോദ്യം ഒരു തേങ്ങൽ പോലെയായിരുന്നു.

''അറിയാം. പാഞ്ചാലിയല്ലേ?"

''അതേ.."

''ശരിക്കും ആ കുട്ടി എങ്ങനാ മരിച്ചത്?"

''അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നു. ഒരു വിനോദ്. കോവിലകത്തെ അടിച്ചുതളിക്കാരിയുടെ ചെറുമകൻ. മയക്കുമരുന്നിന് അടിമപ്പെട്ട അവൻ അവളെ ആഢ്യൻപാറയിൽ വച്ച് പെട്രോൾ ഒഴിച്ചുകത്തിക്കുകയായിരുന്നു..."

''ഓഹോ." മുന്നിലെ രൂപത്തിൽ നിന്ന് പുച്ഛസ്വരം." അതോ നീയൊക്കെ പെട്രോൾ ഒഴിച്ചു കത്തിച്ചോ?"

ഉത്തരം നൽകിയില്ല ശ്രീനിവാസകിടാവ്.

അടുത്തനിമിഷം കറുത്ത രൂപം തുരുതുരെ നാലഞ്ച് കുത്ത്!

''അയ്യോ..."

വാഴപ്പിണ്ടിയിൽ എന്നവണ്ണം കിടാവിന്റെ വയറ്റത്ത് കമ്പി തുളഞ്ഞിറങ്ങി.

''ഞങ്ങൾ... ഞങ്ങളൊ അങ്ങനെ ചെയ്യിച്ചത്..."

''മിടുക്കൻ."

ആ രൂപം ചോര പുരണ്ട കമ്പി കൊണ്ട് കിടാവിന്റെ രണ്ട് കവിളിലും ഒന്നു വരച്ചു.

സ്വന്തം ചോരയുടെ ഗന്ധം കിടാവിന്റെ നാസാദ്വാരങ്ങളിലേക്ക് അടിച്ചുകയറി.

''ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റ കുത്തിന് എന്നെയങ്ങ് തീർത്തേരെടാ..."

സഹികെട്ട് കിടാവ് വിളിച്ചുപറഞ്ഞു.

ദേഷ്യവും സങ്കടവും നിസ്സഹായതയും ഭീതിയും പരാജയവും നിറഞ്ഞ ശബ്ദം.

മുന്നിൽ നിന്നയാൾ ഏതോ തമാശ കേട്ടതുപോലെ ചിരിക്കുകയാണ്.

''നീ അങ്ങനെ ചാകാൻ പാടില്ല. ഇക്കാലമത്രയും ചെയ്തതൊക്കെ ഓർക്കണ്ടേടാ? പിടിച്ചടക്കിയതും കവർന്നെടുത്തതും സുഖിച്ചതും അഹങ്കരിച്ചതും എല്ലാം മനസ്സിൽ വരണ്ടേ? അതിനെല്ലാം പ്രായശ്ചിത്തമായി പ്രാണൻ കൊണ്ട് കണക്കു തീർക്കുവാൻ നിനക്ക് മനസ്സിനെ പാകപ്പെടുത്തിയെടുക്കണ്ടേ? ഇനിയൊരു ജന്മമുണ്ടെങ്കിൽ കഴുതയായോ പോത്തായോ അളിഞ്ഞ പട്ടിയായോ ജനിച്ചാൽ പോലും മനുഷ്യജന്മം തരരുതേയെന്ന് ദൈവസന്നിധിയിൽ മുട്ടിപ്പായി പ്രാർത്ഥിക്കണ്ടേ?"

ചോദിക്കുന്നതിനിടയിൽ മുന്നിൽ നിൽക്കുന്നയാളിന്റെ ശ്വാസഗതിയും ക്രമാതീതമായി ഉയർന്നുകൊണ്ടിരുന്നു.

അത് അറക്കവാൾ കൊണ്ട് തടി മുറിക്കും പോലത്തെ ശബ്ദം പോലെ കിടാവിനു തോന്നിച്ചു.

രക്തം വാർന്നു പോകുന്നതനുസരിച്ച് അയാളുടെ ശക്തി ക്ഷയിക്കുകയാണ്. പണിപ്പെട്ടാണു കണ്ണുകൾ തുറക്കുന്നത്.

അതിനിടെ അങ്ങ് ആകാശച്ചരുവിൽ എവിടെനിന്നോ എന്നവണ്ണം ആ രൂപത്തിന്റെ ഒച്ചകേട്ടു.

''ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു വിവേക് എന്ന ചെറുപ്പക്കാരൻ.

അവനെ പോലീസിനെക്കൊണ്ട് ക്രൂരമായി പീഡിപ്പിച്ചുകൊന്നിട്ട് നീ എന്തു നേടി?"

സംസാരിക്കാനുള്ള ശക്തിപോലും നഷ്ടപ്പെട്ട് ശ്രീനിവാസകിടാവിന്റെ നാവു കുഴഞ്ഞു.

അയാൾ തല കുടഞ്ഞതേയുള്ളു.

''നിന്റെ മരണം തലയ്ക്കു മുകളിൽ വന്നു നിൽക്കുന്നു കിടാവേ... എന്തെങ്കിലും ആഗ്രഹമുണ്ടോയെന്ന് ഇപ്പോൾ ചോദിച്ചാലും നിന്റെ ജീവൻ തിരിച്ചുതരണമെന്നേ നീ പറയൂ. ഈ പ്രപഞ്ചത്തിലെ ഒരുറുമ്പിനു പോലും ജീവിക്കാൻ അവകാശമുണ്ടെന്ന് നീ തിരിച്ചറിയണം. പ്രാണനെടുക്കാൻ എളുപ്പമാണ്. അത് തിരിച്ചുകൊടുക്കാൻ കഴിയാത്തവന് അതെടുക്കാനും അർഹതയില്ല എന്നുള്ള പാഠമാണ് നീ അവസാനമായി മനസ്സിലാക്കുന്നത്."

പറഞ്ഞതും ആ രൂപം ഒറ്റ കുത്ത്. കിടാവിന്റെ ഹൃദയത്തിനു മീതെ...

ഉള്ളിൽ, കോഴിയെ കമ്പിയിൽ കോർക്കുന്നതുപോലെ കിടാവിന്റെ ഹൃദയം തുളഞ്ഞ് കമ്പി അപ്പുറമെത്തി.

''ഇനി ഞാൻ ആരെന്നു പറയാം." ആ രൂപം കിടാവിന്റെ കാതിൽ താൻ ആരെന്നു പറഞ്ഞു.

''ങ്‌ഹേ..." പ്രാണന്റെ അവസാനത്തെ പിടച്ചിലിനിടയിലും കിടാവ് ഒന്നു ഞെട്ടി.

അത് അയാളുടെ അവസാന ചലനമായിരുന്നു.

പിന്നിൽ നിന്നവർ പിടിവിട്ടപ്പോൾ അയാൾ മലർന്നു വീണു.

തുളഞ്ഞിറങ്ങിയ കമ്പി അങ്ങനെ തന്നെ നിന്നു...

(തുടരും)