satellite-images

ബാഗ്ദാദ്: ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി യു.എസിന് കനത്ത തിരിച്ചടിയാണ് ഇറാൻ നൽകിയതെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള സൈനിക താവളങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഇറാൻ ഇപ്പോൾ പുറത്തുവിട്ടത്.

പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയ മിസൈല്‍ ആക്രമണമായിരുന്നു ഉണ്ടായത്. 80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാൽ, സൈനികര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം. ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് സൈനിക താവളവും കുര്‍ദിസ്ഥാനിലെ ഇര്‍ബിലിലെ മറ്റൊരു സൈനിക കേന്ദ്രവുമാണ് ഇറാന്‍ ആക്രമിച്ചത്. ക്വിയാം ഫത്തേ എന്നീ വിഭാഗത്തില്‍പ്പെട്ട പതിനഞ്ചോളം മിസൈലുകള്‍ ആക്രമണത്തിനായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രഹസ്യസേന മേധാവി ഖാസിം സുലൈമാനിയുടെ കബറടക്കം കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോളാണ് ഇറാൻ ശക്തമായി തിരിച്ചടിച്ചത്. ഇറാന്റെ 13 ബാലിസ്റ്റിക് മിസെെലുകൾ സൈനിക താവളമായ ഐന്‍–അല്‍ അസദിൽ പതിച്ചെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് അധികാരമേറ്റെടുത്തശേഷം ആദ്യമായി സന്ദര്‍ശിച്ച സൈനിക താവളമാണ് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഐന്‍ അല്‍ അസദ്.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് 100 മീറ്റര്‍ സമീപത്തായി ഇറാന്റെ രണ്ടു റോക്കറ്റുകള്‍ പതിച്ചിരുന്നു. രണ്ട് കത്യുഷ റോക്കറ്റുകളാണ് ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ പതിച്ചത്. ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാഖിലെ അതീവസുരക്ഷാ മേഖലയില്‍ വീണ്ടും ഇറാന്‍ റോക്കറ്റാക്രമണം നടത്തിയത്.

അതേസമയം,​ ആക്രമണം സ്ഥിരീകരിച്ച ഡൊണാള്‍ഡ് ട്രംപ്‘എല്ലാം നന്നായി പോകുന്നു’വെന്നായിരുന്നു ട്വീറ്റ് ചെയ്തത്. നാശനഷ്ടം വിലയിരുത്തുന്നുവെന്നും അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് വീണ്ടും ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.