കുഴിത്തുറ: കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്പോസ്റ്റിൽ എ.എസ്.ഐ വിൽസണെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളെ കുറിച്ച് സൂചന നൽകാൻ സഹായിച്ചത് സമീപത്തെ മുസ്ലീം പള്ളി. ചെക്ക് പോസ്റ്റിനടുത്തുള്ള മുസ്ളിം പള്ളിയിലെ സി.സി ടിവിയിൽ രണ്ട് പ്രതികളുടെ ചിത്രം പതിഞ്ഞതിനെ തുടർന്നാണ് ഇവരെ കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചത്. മെഡിക്കൽ ലീവ് കഴിഞ്ഞ് ഒരാഴ്ചമുമ്പാണ് വിൽസൺ വീണ്ടും ജോലിക്കെത്തിയത്. അന്നുമുതൽ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് നിഗമനം.
ചെക്ക് പോസ്റ്റിലെത്തിയ പ്രതികൾ വിദേശനിർമ്മിത പിസ്റ്റളിൽനിന്ന് നാലുതവണ വെടിയുതിർത്തു. ഇതിൽ രണ്ടെണ്ണം വിൽസൺന്റെ കഴുത്തിലും ഒരെണ്ണം വയറിലുമാണ് കൊണ്ടത്. ഒരെണ്ണം ഉന്നം തെറ്റി പാഞ്ഞു. വെടിയേറ്റ വിൽസൺ ശബ്ദം പോലുമുണ്ടാക്കാനാവാതെ മറിഞ്ഞുവീണു. വെടിയൊച്ച കേട്ട് ആളുകളെത്തുന്നത് മനസിലാക്കിയാണ് പ്രതികൾ പള്ളിപ്പറമ്പിലേക്ക് ഓടിക്കയറിയത്. പള്ളിയിലെ സി.സി.ടിവി ഇല്ലായിരുന്നെങ്കിൽ അക്രമികളെക്കുറിച്ച് സൂചന ലഭിക്കില്ലായിരുന്നു. മണൽ മാഫിയയാണ് കൊലയ്ക്കുപിന്നിലെന്ന് കരുതി പൊലീസ് അന്വേഷണം വഴിമാറി പോകുമായിരുന്നു.
അതേസമയം, തിരുച്ചന്തൂരിൽ പൊലീസ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ ഭീകരവാദ കേസന്വേഷിക്കുന്ന സ്ക്വാഡിൽ വിൽസണുണ്ടായിരുന്നു. ഭീകരവാദ കേസ് അന്വേഷിക്കുന്നവർക്കുള്ള താക്കീതു കൂടിയായാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കേരള, തമിഴ്നാട് സംസ്ഥാനങ്ങളിൽ അപൂർവമായ തോക്കുപയോഗിച്ചുള്ള ആക്രമണത്തെ പൊലീസ് ആശങ്കയോടെയാണ് കാണുന്നത്.
ചെന്നൈയിൽ ഹിന്ദുമുന്നണി പ്രവർത്തകൻ തിരുവള്ളുവർ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുൽ സമീം. രണ്ട് വർഷംമുൻപ് കന്യാകുമാരിയിൽ ബി.ജെ.പി യുടെ മുതിർന്ന നേതാവ് എം.ആർ.ഗാന്ധിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് തൗഫീഖ്.