മലയാള സിനിമാ സംഗീതത്തിന് യേശുദാസിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ് ചിത്രയും. ഗാനഗന്ധർവനൊപ്പം എത്രയധികം പാട്ടുകളാണ് മലയാളത്തിന്റെ വാനമ്പാടി ആലപിച്ചിരിക്കുന്നത്. നാലര പതിറ്റാണ്ടിലേറെയായുള്ള സംഗീതാനുഭവ പരിചയം ചിത്രയ്‌ക്ക് യേശുദാസുമായുണ്ട്. അതുകൊണ്ടുതന്നെ ദാസേട്ടനെ പോലൊരാൾ ഇനി ജനിക്കുമോ എന്ന് സംശയമുണ്ടെന്ന ചിത്രയുടെ വാക്കുകളിൽ ഒട്ടുംതന്നെ അതിശയോക്തി ഇല്ല.
ഗന്ധർവനാദത്തിന് എൺപതാണ്ടുകൾ പിന്നിടുമ്പോഴും ആ ശബ്‌ദ സൗകുമാര്യത്തിന്റെ മധുരം അൽപം പോലും കുറയാത്തതിന് കാരണം അദ്ദേഹത്തിന്റെ ഭക്ഷണക്രമമാണെന്ന് ചിത്ര പറയുന്നു. എല്ലാഗായകരും കണ്ടുപഠിക്കേണ്ട, എല്ലാവർക്കും ഒരു റോൾ മോഡൽ തന്നെയാണ് യേശുദാസ് എന്ന് അനുഭവം തന്നെ പഠിപ്പിച്ചുവെന്ന് പറയുകയാണ് ചിത്ര.
'ഞാൻ എപ്പോഴും ഓർക്കുന്ന ദാസേട്ടന്റെ ഉപദേശം ശാരീരം പോലെ തന്നെ ശരീരവും സൂക്ഷിക്കണമെന്നാണ്. ദൈവം നമുക്ക് ദാനമായി തന്നതാണ് ഈ ശരീരം. അത് പൊന്നുപോലെ കാത്തു സൂക്ഷിച്ച് തിരിച്ചു കൊടുക്കണം. എന്റെയൊക്കെ ഒരു നേച്ചർ വച്ചിട്ട്, സങ്കടം വന്നാൽ ഒന്നുകിൽ ഭക്ഷണം കഴിക്കാതിരിക്കും അല്ലെങ്കിൽ ഓവറായിട്ട് കഴിച്ചെന്നിരിക്കും. നമ്മുടെ മനസിന്റെ വിഷമം ദേഹത്തോടായിരിക്കും കാണിക്കുക. അത് ചെയ്യരുതെന്നും നമുക്ക് തന്നെയാണ് അതിന്റെ ദോഷമെന്നും ദാസേട്ടൻ പറയാറുണ്ട്.
ഭക്ഷണകാര്യത്തിൽ ഒരുപാട് റിസ്‌ട്രിക്ഷൻസുണ്ട് ദാസേട്ടന്. ഭക്ഷണം കഴിക്കുന്നതൊക്കെ വളരെ അപൂർവമായിട്ടേ കാണാറുള്ളൂ. എല്ലാഗായകരും കണ്ടുപഠിക്കേണ്ട, എല്ലാവർക്കും ഒരു റോൾ മോഡൽ തന്നെയാണ് യേശുദാസ്. അതുപോലെയൊക്കെ ഒരാൾ ഇനി ഉണ്ടാകുമോ എന്നുതന്നെ അറിയില്ല'-ചിത്ര പറയുന്നു.