kerala

ആലപ്പുഴ: പുന്നപ്ര സ്വദേശി രാജേഷിനെ തേടിയെത്തിയത് ഇരട്ടി ഭാഗ്യം. പതിവായി ലോട്ടറി എടുക്കാറുണ്ടെങ്കിലും, രാജേഷ് ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്തവണ ഭാഗ്യം തന്റെ കൂടെ ഉണ്ടാകുമെന്ന്. പുന്നപ്ര ചെന്നക്കല്‍ രാജു- ലീല ദമ്പതികളുടെ മകന്‍ പി ആര്‍ രാജേഷിനെ(41)​യാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യപ്ലസ് ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് രാജേഷിന് ലഭിച്ചത്. പി കെ 337608 നമ്പര്‍ ടിക്കറ്റ് കാനറ ബാങ്ക് ആലപ്പുഴ ശാഖയില്‍ ഏല്‍പ്പിച്ചു.

പുന്നപ്ര കപ്പക്കടയിലെ വഴിയോര കച്ചവടക്കാരനിൽ നിന്നു വാങ്ങിയ 25 ടിക്കറ്റിൽ‌ ഒന്നാം സമ്മാനത്തിന് പുറമെ 1000 രൂപയുടെ രണ്ട് സമ്മാനവും 500, 100 രൂപയുടെ ഓരോ സമ്മാനവും ഉണ്ട്. ഇന്റ‍ർ ലോക്ക് ടൈലുകൾ പാകുന്ന ജോലിക്കാരനാണു രാജേഷ്. ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് പതിവായി ലോട്ടറി വാങ്ങാറുള്ളത്.

ഭാര്യ രാധികയും മകള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയും അടങ്ങുന്നതാണു കുടുംബം. പുതിയ വീടു വയ്ക്കാനും ബിസിനസ് വിപുലപ്പെടുത്തുന്നതിനൊപ്പം സഹോദരിയെ സഹായിക്കണമെന്നുമാണ് രാജേഷിന്റെ ആഗ്രഹം.