modi-

ന്യൂഡൽഹി: പൗരത്വനിയമത്തിനെതിരെയും ജമ്മു കാശ്മീ‌ർ പ്രത്യേകപദവി എടുത്തുമാറ്റിയതിലും പ്രതിഷേധിച്ച് പരസ്യപ്രസ്താവന നടത്തിയ മലേഷ്യക്ക് തിരിച്ചടി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന സംസ്കരിച്ച പാമോയിലിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്. കേന്ദ്ര വാണിജ്യമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

നിലവിൽ, സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തിലാണ് പാമോയിലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പുതിയ ഉത്തരവുപ്രകാരം നിയന്ത്രിതവിഭാഗത്തിലേക്ക് പാമോയിലിനെ മാറ്റിയിരിക്കുകയാണ്. നിയന്ത്രണമാണെങ്കിലും ഫലത്തിൽ സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതി നിരോധിക്കുന്നതിനു തുല്യമാണെന്നു വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, അസംസ്‌കൃത പാമോയിൽ ഇറക്കുമതിക്കായിരിക്കും മുൻഗണന. ഇന്ത്യയിലേക്ക് സംസ്‌കരിച്ച പാമോയിലും പാമോലിനും ഇറക്കുമതിചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് മലേഷ്യയാണ്. തീരുമാനം മലേഷ്യക്കു കനത്ത തിരിച്ചടിയാണ്.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രസ്താവനയാണ് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് നടത്തിയത്.

പൗരത്വ നിയമത്തിന്റെ ആവശ്യമെന്താണ്. 70 വർഷത്തിലധികമായി ഇന്ത്യക്കാർ ഐക്യത്തോടെ ജീവിക്കുകയായിരുന്നു. മൂന്ന് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കാണ് പുതിയ നിയമം വഴി ഇന്ത്യ പൗരത്വം നൽകുന്നത്. എന്നാൽ ഇതിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിങ്ങളുടെ പൗരത്വത്തിനെതിരെ എടുക്കുന്ന നടപടി ഖേദകരമാണെന്നാണ് മഹാതീർ മുഹമ്മദ് പറഞ്ഞത്.

ഇതിനെതിരെ ഇന്ത്യ മലേഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ ​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. മലേഷ്യൻ പ്രധാന മന്ത്രി മഹാതീർ മുഹമ്മദിന്റെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ മലേഷ്യ ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു