asi-murder-

കളിയിക്കാവിള: കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ വെടിയേറ്റ് മരിച്ച എ.എസ്.ഐ വിൽസണ് ഒരു കോടി രൂപ സർക്കാർ സഹായധനം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിക്കാൻ 15 മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എ.എസ്.ഐ വിൽസൺ ചെക്ക് പോസ്റ്റിൽ വെടിയേറ്റ് മരിച്ചത്. മാർത്താണ്ഡം പരിത്തിവിളയിൽ യേശുദാസിന്റെ മകനാണ് . ഏഞ്ചൽ മേരിയാണ് ഭാര്യ. മൂത്തമകൾ റെനീജ വിവാഹിതയാണ്. ബുദ്ധി സ്ഥിരതയില്ലാത്ത ഇളയമകൾ വിനീതയെ രാവിലെ ബൈക്കിൽ സ്‌കൂളിൽ കൊണ്ട് പോകുന്നതും തിരികെ കൂട്ടികൊണ്ട് വരുന്നതും വിൽസനായിരുന്നു.

തമിഴ്നാട് പൊലീസിൽ സ്‌പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയ വിൽസന് മുപ്പത് വർഷത്തോളം സർവീസുണ്ട് . രണ്ട് വർഷം മുമ്പ് പ്രൊമോഷനെ തുടർന്ന് കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ സ്‌പെഷ്യൽ എസ്.ഐയായി . കഴിഞ്ഞ നവംബറിൽ മാർത്താണ്ഡത്ത് ബൈക്കപകടത്തിൽ തലക്ക് പരിക്കേറ്റ വിൽസൻ 15 ദിവസത്തോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് വീണ്ടും ജോലിക്കെത്തിയത്. എ.എസ്.ഐ വിൽസന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് മാർത്താണ്ഡത്ത് ദേശീയ പാത കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചിരുന്നു.

അതേസമയം, കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ പാലക്കാട് കസ്റ്റഡിയിൽ. വർഷങ്ങളായി പാലക്കാട് സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കന്യാകുമാരി, തിരുവിതാംകോട്, അടുപ്പ് വിളി സ്ട്രീറ്റ്,1/183A യിൽ അബൂ ഹനീഫയുടെ മകൻ അബ്ദുൽ ഷെമീം (25), മുഹമ്മദ്‌ യൂസഫിന്റെ മകൻ തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഷമീം 2014ൽ ചെന്നൈയിൽ ഹിന്ദുമുന്നണി ഒാഫീസ് ആക്രമിച്ച് ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇരുവർക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെക്കൻ തമിഴ്നാട്ടിലെ ഭീകര പ്രവർത്തനങ്ങളിലും ഇവർക്ക് മുഖ്യപങ്കുള്ളതായി സൂചനയുണ്ട്. ഇവരടക്കം നാല് പേർ ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തമിഴ്നാട് ഇന്റലിജൻസ് രണ്ടാഴ്ചമുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇവർക്ക് ഭീകര വർഗീയ സംഘടനാബന്ധവും പൊലീസ് സംശയിക്കുന്നു.