കൊല്ലം: കൊല്ലത്തിപ്പോൾ മീൻ പിടിക്കാൻ കടലിൽ പോവേണ്ട. അഷ്ടമുടിക്കായലിൽ നിന്നും കിട്ടും നല്ല അസല് കടൽ മത്സ്യങ്ങൾ. പറയുമ്പോൾ തമാശയായ് തോന്നുന്നുണ്ടോ, എങ്കിൽ അങ്ങനെയല്ല. അഷ്ടമുടിക്കായലിൽ മത്സ്യബന്ധനം നടത്തുന്നവരുടെ വലയിൽ അയല കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. അയല മാത്രമല്ല കലവ, ശീലാവ് എന്നിവയും ഇടയ്‌ക്ക് വലക്കാർക്ക് കിട്ടിയിരുന്നു. മുട്ടം, പേഴംതുരുത്ത് എന്നീ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം മത്സ്യതൊഴിലാളികൾക്ക് കടൽ മത്സ്യങ്ങൾ കിട്ടിയത്.
കടലിലിൽ നിന്നും ഉപ്പ് വെള്ളം കായലിലേക്ക് കയറുന്നതാണ് ഇത്തരത്തിൽ കടൽ മത്സ്യങ്ങൾ കൂട്ടത്തോടെ കായലിലെത്തുന്നതിന് കാരണമാവുന്നത്. കടൽ വെള്ളത്തോടൊപ്പം ഉപരിതല മത്സ്യമായ അയലയും ഒഴുകിയെത്തുകയാണ്. ലവണാംശമുള്ള കടൽ ഭാഗങ്ങളിലാണ് സാധാരണയായി അയല കാണപെടുന്നത്. ലവണാംശമുള്ള ജലം കായലിലേക്ക് എത്തുന്നതിന്റെ തെളിവാണ് മത്സ്യങ്ങൾ ലഭ്യമാവുന്നതെന്ന് ശാസ്തജ്ഞർ വ്യക്തമാക്കുന്നു.
എന്നാൽ കടലിലെ വെള്ളം കായലിലേക്ക് കയറുന്നത് കായലിന്റെ തനത് മത്സ്യ സമ്പത്തുകൾ നശിക്കുന്നതിന് കാരണമാവുന്നു. കണവ, ഞണ്ട്, കരിമീൻ, കൊഞ്ച് എന്നിവയുടെ ലഭ്യതയും കായലിൽ വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇത് പ്രദേശവാസികളെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്.