പന്തളം:മകരവിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 13ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ വൃശ്ചികം ഒന്നു മുതൽ ദർശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങൾ പതിമൂന്നിന് പുലർച്ചെ നാലിന് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങും. 4.30 മുതൽ വലിയകോയിക്കൽ ക്ഷേത്ര സോപാനത്തിൽ ദർശനത്തിന് വയ്ക്കും.
പതിനൊന്നരയോടെ പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി രാമവർമ്മ രാജ പരിവാരസമേതം ക്ഷേത്രത്തിലേക്ക് എത്തും.പ്രത്യേക പൂജകൾക്കായി ഉച്ചയ്ക്ക് 12ന് നട അടയ്ക്കും . മേൽശാന്തി പൂജിച്ചു നൽകുന്ന ഉടവാൾ രാജപ്രതിനിധി ഉത്രംനാൾ ആർ.പ്രദീപ് കുമാർ വർമ്മയ്ക്ക് വലിയ തമ്പുരാൻ കൈമാറും. ഒരു മണിക്ക് കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങൾ ശിരസിലേറ്റും. രാജപ്രതിനിധി പല്ലക്കിൽ ഘോഷയാത്രയെ നയിക്കും. ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന് അയ്യപ്പൻമാരും ദേവസ്വം ബോർഡ് അധികൃതരും പൊലീസും ഘോഷയാത്രക്ക് അകമ്പടി സേവിക്കും, അന്ന് വൈകിട്ട് പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും .
പതിന്നാലിന് രാത്രി ളാഹ വനം വകുപ്പ് സത്രത്തിൻ ക്യാമ്പ് ചെയ്യും. 15 ന് പുലർച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്ക് പോകും, രാജപ്രതിനിധി പമ്പയിലെത്തി വിശ്രമിക്കും. ഘോഷയാത്ര ശരംകുത്തിയിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. പതിനെട്ടാം പടികയറിയെത്തുന്ന സംഘത്തിൽ നിന്ന് ക്ഷേത്ര സോപാനത്തിൽ വച്ച് മേൽശാന്തി തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീ കോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിൻ ചാർത്തും,