kerala-

അവസാന പാദത്തിലെ വായ്പാ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതോടെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വീണ്ടും കടുത്ത ട്രഷറിനിയന്ത്രണം വേണ്ടിവരും. നിത്യനിദാന ചെലവിന് പോലും ബുദ്ധിമുട്ടുമെന്നും പ്രതിസന്ധി നേരിടാൻ ചിലവു ചുരുക്കാൻ സർക്കാർ നിർബന്ധിതമാകുമെന്നും ധനമന്ത്രി തോമസ് ഐസക് ഇന്നലെ വ്യക്തമാക്കിയിരുന്നു.

അവസാന പാദത്തിൽ 4,900 കോടിരൂപ വായ്പയെടുക്കാൻ കേരളത്തിന് കഴിയുമായിരുന്നു. എന്നാൽ കാരണം വ്യക്തമാക്കാതെ കേന്ദ്രം ഇത് 1,920 കോടിയായി വെട്ടിക്കുറച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനമായ 24,915 കോടി രൂപയായിരുന്നു കേരളത്തിന് ഒരു വർഷത്തേക്കുള്ള വായ്പാ പരിധി. ട്രഷറി നിക്ഷേപത്തിൽ ബഡ്‌ജറ്രിൽ സൂചിപ്പിച്ചതിനെക്കാൾ തുകയുണ്ടെന്ന് ചൂണ്ടിക്കാട്ടി വായ്പാപരിധി കേന്ദ്രം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ആ തുക പോലും വായ്പയെടുക്കാൻ അനുവാദമില്ല. ഒരു കേന്ദ്രസർക്കാരും കൈക്കൊള്ളാത്ത ഈ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക് കുറ്രപ്പെടുത്തിയിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളകൗമുദി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പോൾ ചർച്ചയാവുകയാണ്. കേന്ദ്രസർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക്കിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന വിഷയത്തിൽ പോസ്റ്റ് ചെയ്ത പോളിൽ ഇതുവരെയുള്ള കണക്ക് പ്രകാരം 55ശതമാനം പേർ ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടെന്ന് വോട്ട് ചെയ്തു. 45 ശതമാനം പേർ ഈ പ്രസ്താവനയെ എതിർക്കുന്നതായി വോട്ട് ചെയ്തിട്ടുണ്ട്. പോൾ അവസാനിക്കാൻ ഇനി 18 മണിക്കൂർ ബാക്കിനിൽക്കെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിങ്ങളുടെ വോട്ട് രേഖപ്പെടുത്തി അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ.