ചെന്നൈ: ജെ.എൻ.യു കാമ്പസിലെത്തി വിദ്യാർത്ഥികളുടെ സമരത്തെ പിന്തുണച്ച ബോളിവുഡ് നടി ദീപിക പദുക്കോണിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 'ദീപികയുടെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയാം. ഇന്ത്യയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ദീപിക കൂടിയത് അപ്രതീക്ഷിതമല്ല. 2011ൽ കോൺഗ്രസിനെ പിന്തുണച്ചതുമുതൽ ദീപികയുടെ രാഷ്ട്രീയബന്ധം അവർ വെളിപ്പെടുത്തിയതാണ്. ജനം ഇപ്പോൾ അദ്ഭുതപ്പെടുന്നുണ്ടെങ്കിൽ അവർക്ക് ഇക്കാര്യം അറിയാത്തതുകൊണ്ടാണ്. ഒരുകാര്യം മനസിലാക്കണം, ഓരോ തവണയും സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെടുമ്പോൾ ആഘോഷിക്കുന്നവർക്കൊപ്പമാണ് അവർ നിൽക്കുന്നത്. പെൺകുട്ടികളെ കണ്ണുപൂട്ടി തല്ലിയവർക്കൊപ്പമാണ് ദീപിക ചേർന്നത്. അതവരുടെ സ്വാതന്ത്ര്യമായിരിക്കാം. '– സ്മൃതി ഇറാനി പറഞ്ഞു.
'ഛപാകി'ന് നികുതിയിളവ്
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന ദീപികാ പദുക്കോൺ ചിത്രം 'ഛപാകി'ന് മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, പുതുച്ചേരി സംസ്ഥാനങ്ങൾ നികുതിയിളവ് പ്രഖ്യാപിച്ചു. ഇന്നലെ ചിത്രം പുറത്തിറങ്ങി.
യു.പിയിൽ സമാജ്‌വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ തിയേറ്ററുകൾ വാടകയ്‌ക്കെടുത്ത് പാർട്ടി പ്രവർത്തകർക്കായി സൗജന്യ പ്രദർശനം ഒരുക്കി.
പഞ്ചാബ് സർക്കാരിന്റെ കീഴിൽ സാമൂഹിക സുരക്ഷാവകുപ്പും ശനിയാഴ്ച പ്രദർശനം ഒരുക്കുന്നുണ്ട്.
ജെ.എൻ.യു.വിൽ ആക്രമണത്തിനിരയായ വിദ്യാർഥികളെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപികയെ അനുകൂലിച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു. ദീപികയുടെ ചിത്രമായ 'ഛപാക്' ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി അനുകൂലസംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.