കോഴിക്കോട്: അഞ്ചാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 16 മുതൽ 19 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. 16ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയമാണ് ഇത്തവണ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഫോക്കസ് തീമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്പെയിൻ, ബ്രിട്ടൺ, സ്ലൊവേനിയ, ഈജിപ്റ്റ്, അയർലാന്റ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള സാഹിത്യകാരന്മാരും കോഴിക്കോട്ടെത്തും.
സംവാദങ്ങൾ, പ്രഭാഷണങ്ങൾ, പുസ്തകവർത്തമാനങ്ങൾ, വായനക്കാരുടെ സംവാദങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ചരിത്രം, സാഹിത്യം, ശാസ്ത്രം, കായികം, കല, ദർശനം, ചരിത്രം, സിനിമ എന്നീ മേഖലകളിൽ നിന്ന് അഞ്ചു വേദികളിലായാകും ഫെസ്ററിവൽ അരങ്ങേറുക.
കവി കെ.സച്ചിദാനന്ദൻ ഫെസ്റ്റിവൽ ഡയറക്ടറും പെൻഗ്വിൻ ഇന്ത്യയുടെ മുൻ വൈസ് പ്രസിഡന്റ് ഹെമാലി സോധി അഡ്വൈസറുമാണ്.
രാജ്ദീപ് സർദേശായി, ബി.ആർ.പി.ഭാസ്‌കർ, കരൺ ഥാപ്പർ, ഫ്രാൻസിസ്‌കോ ലോപ്പസ്, എയ്ഞ്ചൽ ലോപ്പസ്, ശിവ് ഖേര, ടി.എം. കൃഷ്ണ, ശശി തരൂർ, കൃഷ്ണ രാമാനുജൻ, ചന്ദൻ ഗൗഡ, മോണിക്ക റോഡ്രിഗസ്, മനു എസ്.പിള്ള, മുനി നാരായണപ്രസാദ്, കെ.ആർ.മീര, ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, മാധവ് ഗാഡ്ഗിൽ, അരുന്ധതി സുബ്രഹ്മണ്യം, പത്മപ്രിയ, നന്ദിത ദാസ്, യു.എ.ഇയിലെ പരിസ്ഥിതി- കാലാവസ്ഥാവ്യതിയാന വിഭാഗം വകുപ്പ് മന്ത്രി തനി ബിൻ അഹമ്മദ് അൽസയൗദി എന്നിവർ പങ്കെടുക്കും. ഇക്കിഗയ് എന്ന കൃതിയുടെ സഹ എഴുത്തുകാരൻ ഫ്രാൻസെസ് മിറേൽസും അതിഥിയായി എത്തുന്നുണ്ട്.
ടി.എം.കൃഷ്ണയുടെ ശാസ്ത്രീയസംഗീതവിരുന്ന്, ജെർമൻ ഡയസ് അവതരിപ്പിക്കുന്ന സംഗീതനിശ,കലാമണ്ഡലം ഗോപിയുടെ കഥകളി അവതരണം, ഭഗവാന്റെ മരണം- നാടകാവതരണം, അൻവർ അലിയും ഓളം ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, കളരിപ്പയറ്റ് എന്നിവയും കെ.എൽ.എഫിന്റെ ഭാഗമായുണ്ട്. എ. പ്രദീപ്കുമാർ എം.എൽ.എ, എ.കെ. അബ്ദുൾ ഹക്കിം, രവി ഡി.സി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
രജിസ്റ്റർ ചെയ്യുന്നതിനായി സന്ദർശിക്കുക: Www.Keralalitfest.com