ലണ്ടൻ: ബ്രെക്സിറ്റ് യാഥാർത്ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടീഷ് പാർലമെന്റിന്റെ അനുമതി. ജനപ്രതിനിധി സഭയിൽ 330 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 234 പേർ എതിർത്ത് വോട്ട് ചെയ്തു.
ഇതോടെ ബ്രിട്ടൻ മൂന്നുവർഷമായി നേരിടുന്ന ബ്രെക്സിറ്റ് കുരുക്കിന് പരിഹാരമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തമായ ഭൂരിപക്ഷം തേടി ബോറിസ് ജോൺസൺ വീണ്ടും അധികാരത്തിൽ വന്നതോടെയാണ് ബ്രെക്സിറ്റ് കടമ്പ എളുപ്പം കടക്കാനായത്. ജനപ്രതിനിധിസഭയിൽ കരാർ പാസായതോടെ ഇനി ഹൗസ് ഒഫ് ലോർഡ്സിൽ വോട്ടിനിടും. തുടർന്നാവും ബിൽ നിയമമാക്കാനുള്ള മറ്റ് നടപടികളിലേക്ക് കടക്കുക. ജനുവരി 31ന് മുൻപ് കരാർ യാഥാർത്ഥ്യമാക്കുമെന്നാണ് ബോറിസ് ജോൺസന്റെ വാഗ്ദാനം. 2020 ഡിസംബർ 31വരെയാണ് നടപടികൾ പൂർത്തിയാക്കാൻ യൂറോപ്യൻ യൂണിയൻ നൽകിയിട്ടുള്ള സമയപരിധി. യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടുന്നതോടെ സ്വതന്ത്ര വ്യാപാരത്തിന്റെ വെല്ലുവിളികളാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്.