കൊച്ചി: ഇന്ന് പൊളിക്കുന്ന മരടിലെ ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിന് സമീപം ഫ്ലക്‌സ് കൊണ്ട് മറച്ച ഒരു പുതുപുത്തൻ ഇരുനില വീടുണ്ട്. നെടുമ്പറമ്പിൽ ഷിബു മോഹിച്ച് പണിത ഇവിടേക്ക് ഭാര്യയ്‌ക്കും മക്കളുമൊപ്പം താമസത്തിനെത്തിയിട്ട് നാളെ ഒരുമാസം തികയുന്നതേയുള്ളൂ. തറവാടിനും ജ്യേഷ്ഠന്റെ വീടിനുമിടിയിലാണ് 2500 സ്‌ക്വയർഫീറ്റിൽ ഷിബു തന്റെ സ്വപ്‌നക്കൂടൊരുക്കിയത്. പണി നടക്കുമ്പോഴാണ് 60 മീറ്റർ അകലെയുള്ള ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത്. എന്നാൽ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിൽ പണി തുടർന്നു. കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന് അവസാനഘട്ടത്തിലാണ് മനസിലായത്. വീടുപണി വേഗം തീർത്ത് ഡിസംബർ 12ന് ഷിബുവും ഭാര്യ ദിവ്യയും താമസമാക്കി.
കഴിഞ്ഞദിവസം കൂട്ടുകാരുടെ സഹായത്തോടെ എല്ലാ ഫർണിച്ചറുകളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു. വൈദ്യുതി വിച്ഛേദിച്ചു. എങ്കിലും പുതുപുത്തൻ വീടിന് എന്തെങ്കിലും പറ്റുമോ എന്ന് ആധിയുണ്ട്. സമീപത്തെ വീടുകൾ ടെക്‌നിക്കൽ കമ്മിറ്റി പരിശോധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. വീടിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. കുടുംബവുമൊത്ത് ഷിബു ഇന്ന് മരടിലെ ഭാര്യയുടെ വീട്ടിലേക്ക് മാറും.