joseph-maradu
joseph maradu

കൊച്ചി: 'മാറ്റാനോ, പൊതിയാനോ ഒന്നുമില്ല. തിരിച്ചു വരുമ്പോൾ കിടക്കാൻ വീടെങ്കിലും ബാക്കിയുണ്ടായാൽ മതി" - ചിരിയിൽ പൊതിഞ്ഞ ജോസഫിന്റെ വാക്കുകളിലും സങ്കടക്കടൽ തെളിയുന്നു. മരടിൽ ആദ്യം പൊളിക്കുന്ന ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ ഫ്ലാറ്റിൽ നിന്ന് 70 മീറ്റർ അകലെയാണ് ജോസഫിന്റെ വീട്. പ്രദേശത്തെ പഴകിയ കെട്ടിടങ്ങളിൽ ഒന്ന്. ഓടും ആസ്ബറ്റോസ് ഷീറ്റുമിട്ട വീടിന്റെ ചുറ്റുമതിൽ കെട്ടാൻ പണമില്ലാത്തതിനാൽ വേലികെട്ടി ചെടി വളർത്തിയിരിക്കുകയാണ് ജോസഫും ഭാര്യ മേരിയും.

രണ്ട് ആൺകുട്ടികളായിരുന്നു ഇവർക്ക്. എന്നാൽ 25 വയസാവുന്നതിന് മുമ്പേ ഇരുവരും മരിച്ചു. ഇപ്പോൾ ജോസഫും മേരിയും മാത്രമാണ് വീട്ടിലുള്ളത്.

പ്രായത്തിന്റേതായ അവശതകളുമുണ്ട്. ഒപ്പം കേൾവിക്കുറവും. വീടിന്റെ ഒരുഭാഗം വാടകയ്‌ക്ക് കൊടുത്തതിന്റെ വരുമാനത്തിലാണ് ജീവിതം. ഒന്നും സംഭവിക്കില്ലെന്ന് അധികൃതർ പറയുമ്പോഴും സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പിന്നീടെപ്പോഴെങ്കിലും വീട് തകർന്ന് തങ്ങൾക്ക് മേൽ വീഴുമോയെന്നാണ് ജോസഫിന്റെ പേടി. അത്ര കുലുക്കമുണ്ടാവില്ലെന്ന് മേരി ജോസഫിനെ ആശ്വസിപ്പിക്കുന്നു. ഇവർ ഇന്ന് രാവിലെ എട്ടോടെ മരടിൽനിന്ന് അല്പം അകലെയായുള്ള ബന്ധുഗൃഹത്തിലേക്ക് മാറും.

ഇന്നും നാളെയുമായി പൊളിക്കുന്ന നാല് ഫ്ലാറ്റുകൾക്ക് ചുറ്റുമുള്ള 250 കുടുംബങ്ങളുടെ പേടിയാണിത്. മിക്ക വീടുകളിലും സാങ്കേതിക സമിതി സ്ട്രക്ചറൽ ഓഡിറ്റിംഗ് നടത്തിയിട്ടില്ല. എന്തെങ്കിലും സംഭവിച്ചാൽ ആരോട് പരാതി പറയണമെന്ന് പോലും പലർക്കുമറിയില്ല.