അമേരിക്ക സംശയം പ്രകടിപ്പിച്ചു നിഷേധിച്ച് ഇറാൻ
വാഷിംഗ്ടൺ:കുതിച്ചുയർന്ന ഉടൻ ഉക്രെയിൻ വിമാനം ടെഹ്റാനിൽ തകർന്നുവീണ് 176 യാത്രക്കാർ കൊല്ലപ്പെട്ടത് ഇറാന്റെ വിമാനവേധ മിസൈലുകൾ പതിച്ചായിരിക്കാമെന്ന് അമേരിക്ക.
ഉപഗ്രഹങ്ങൾ നൽകിയ വിവരങ്ങളനുസരിച്ച് വിമാനം തകർന്നുവീഴുന്നതിന് രണ്ടു മിനിട്ട് മുമ്പ് പരിസരത്ത് മിസൈൽ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. താഴേക്ക് പതിക്കും മുമ്പേ വിമാനത്തിന് തീപിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കൻ യുദ്ധ വിമാനമാണെന്ന് കരുതി യാത്രാ വിമാനത്തിന് നേരെ മിസൈൽ പ്രയോഗിച്ചതാകാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനം തകർന്നത് അബദ്ധത്തിൽ മിസൈൽ പതിച്ചാണെന്ന ആരോപണം ഇറാൻ നിഷേധിച്ചു. ഇറാനെതിരെ നടത്തുന്ന മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്നും അവർ വ്യക്തമാക്കി.
അമേരിക്ക, ബ്രിട്ടിൻ കാനഡ എന്നീ രാജ്യങ്ങൾ വിമാനം തകർന്നത് മിസൈൽ പതിച്ചതാണെന്ന് ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ.
സംഭവത്തിൽ ഉക്രയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കി, വിദേശകാര്യ മന്ത്രി എന്നിവർക്ക് അമേരിക്കൻ നയതന്ത്രജ്ഞർ സുപ്രധാനവിവരങ്ങൾ കൈമാറി. അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോ ഇരുവരോടും ഫോണിൽ സംസാരിച്ചു.
ബുധനാഴ്ചയാണ് ഇറാനിലെ ടെഹ്റാൻ വിമാനത്താവളത്തിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കീവിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം തകർന്നത്. സാങ്കേതിക തകരാറാണെന്നായിരുന്നു പ്രാഥമിക നിഗമനം.
ബ്ളാക്ക് ബോക്സ് കൈമാറില്ല
തകർന്ന വിമാനത്തിന്റെ വിവരങ്ങളോ, ബ്ലാക് ബോക്സോ അമേരിക്കൻ കമ്പനിയായ ബോയിംഗിന് കൈമാറില്ലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ തലവൻ അറിയിച്ചു. എവിടെയാണോ വിമാനം തകർന്നു വീണത് ആ രാജ്യമാണ് അന്വേഷണത്തിന് നേതൃത്വം നൽകേണ്ടതെന്നാണ് ചട്ടം.
ഇറാന്റെ വ്യോമയാന വിഭാഗവും അന്വേഷണം നടത്തും.