നെയ്യാ​റ്റിൻകര: റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ കലോത്സവം ഇന്ന് നെയ്യാറ്റിൻകര ജെ.ബി.എസിൽ ആരംഭിക്കും. എൽ.കെ.ജി മുതൽ പ്ലസ് വൺ വരെയുള്ള വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും. അതിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി. ബീന ഉദ്ഘാടനം ചെയ്യും. ഫ്രാൻ വൈസ് പ്രസിഡന്റ് ടി. മുരളീധരൻ അദ്ധ്യക്ഷനായിരിക്കും. കവി സുമേഷ്കൃഷ്ണൻ, അലിഫാത്തിമ, എം. രവീന്ദ്രൻ, പി. ഉബൈദുള്ള, എസ്. സപേശൻ, സി. യേശുദാസ് തുടങ്ങിയവർ പങ്കെടുക്കും. 12ന് കലോത്സവം സമാപിക്കും. മത്സരങ്ങൾക്ക് ശേഷം ഫ്രാൻ കലാതിലകത്തെയും പ്രതിഭയെയും തിരഞ്ഞെടുക്കുമെന്ന് ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ അറിയിച്ചു.