sabarimala-

പത്തനംതിട്ട : ശബരിമലയിൽ വിശ്വാസികളുടെ താത്പര്യത്തിനാണ് മുൻഗണന നൽകുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർ‌ഡ് പ്രസിഡന്റ്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കുമെന്നും സ്വമേധയാ സത്യവാങ്മൂലം നൽകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. 2016ൽ സമർപ്പിച്ച സത്യവാങ്മൂലം നിലനിൽക്കുന്നു. ദേവസ്വം ബോർഡിനോട് ഇതുവരെ നിലപാട് ചോദിച്ചിട്ടില്ല. നിലപാട് ചോദിച്ചാൽ വീണ്ടും യോഗം ചേർന്ന് തീരുമാനമെടുക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയെന്നും എൻ.വാസു പറഞ്ഞു.

ശബരിമലയിൽ യുവതികൾ കയറണോ വേണ്ടയോ എന്ന കാര്യം കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഭരണഘടനാബെഞ്ച് നടത്തിയ വിധി ഒമ്പതംഗ വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പഴയ വിധി നിലനിൽക്കുന്നതായി കരുതാനാകില്ലെന്ന് എൻ. വാസു പറഞ്ഞു. ദേവസ്വം ബോർഡ് യോഗത്തിന്ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് എൻ.വാസു ഇക്കാര്യം അറിയിച്ചത്.