gauri-lankesh-

ബംഗളൂരു: മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ. കേസിലെ 18-ാം പ്രതിയായ ഋഷികേഷ് ദേവ്ദികറെയാണ് (മുരളി- 44) കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ കത്രാസിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2017 സെപ്തംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വസതിക്ക് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘ പരിവാറിന്റെ നിശിത വിമർശകയായിരുന്നു ഗൗരി ലങ്കേഷ്. തീവ്ര വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് ഋഷികേശ്.

സംഭവത്തിൽ 19പേർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 18 പേർ അറസ്റ്റിലായി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ഋഷികേഷെന്നും കൊലയാളികൾക്ക് പരിശീലനം നൽകുകയും തോക്കുകൾ എത്തിച്ചു നൽകിയത് ഇയാളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഋഷികേഷിനെ കോടതിയിൽ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പിൽ അറിയിച്ചു.

ഇയാൾ ഗൂഢാലോചന നടത്തിയതിൽ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. സനാതൻ സൻസ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. അമോൽ കാലെ, വീരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികൾ. ധാബോൽക്കർ, പൻസാരെ എന്നിവരുടെ വധത്തിന് പിന്നിലും ഇവരായിരുന്നു പ്രവർത്തിച്ചത്.