mamata-

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ, ഇന്ന് പശ്ചിമ ബംഗാളിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊൽക്കത്തയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം.

പ്രധാനമന്ത്രിയെ വഴിയിൽ തടയുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രി എത്തുമ്പോൾ വിമാനത്താവളം വളയാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കൊപ്പം, മുഖ്യമന്ത്രി മമതാബാനർജി വേദി പങ്കിടുന്നതിനെതിരെയും വ്യാപക എതിർപ്പുയർന്നിട്ടുണ്ട്. എന്നാൽ പരിപാടിയിൽ മമത പങ്കെടുക്കുമെന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

കൊൽക്കത്തയിൽ ഇന്നും നാളെയുമായി നാല് പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് 17 ഇടത് പാർട്ടികളുടെ സംയുക്ത ഫോറവും വ്യക്തമാക്കി.

'നരേന്ദ്ര മോദി ഗോ ബാക്ക്' എന്ന് സോഷ്യൽമീഡിയയിൽ വ്യാപക പ്രചാരണമുണ്ട്. കൊൽക്കത്തയിൽ മാത്രമല്ല പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ടെന്ന് മുതിർന്ന നേതാവും പി.ബി അംഗവും ഇടതുമുന്നണി കൺവീനറുമായ ബിമൻ ബോസ് അറിയിച്ചു.

നേരത്തെ, പൗരത്വ പ്രതിഷേധം കത്തുന്ന സാഹചര്യത്തിൽ അസാമിലെ ഗുവാഹത്തിയിൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം മോദി റദ്ദാക്കിയിരുന്നു.