asi-murder

തിരുവനന്തപുരം: കളിയിക്കാവിളയിൽ നടന്ന് എ.എസ്.ഐയുടെ കൊലപാതകത്തിൽ താൻ ദൃക്സാക്ഷിയാണെന്ന് കളിയിക്കാവിള എസ്.ഐ രഘു ബാലാജി. എട്ടാം തീയതി 9 മണിക്ക് രഘു ബാലാജിയും സംഘവും കളിയിക്കാവിളയിലെ പ്രധാന ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് ശേഷം മടങ്ങുമ്പോഴാണ് സംഭവം കണ്ടതെന്നും കേസിലെ എഫ്.ഐ.ആറിൽ പറയുന്നു. അവിടെ എത്തുമ്പോൾ എ.എസ്.ഐയെ വെടിവയ്ക്കുന്നത് കണ്ടു തുടർന്ന് വലിച്ചു താഴെയിട്ടു വീണ്ടും വെടിവയ്ക്കുകയും മറ്റൊരാൾ കത്തികൊണ്ട് കുത്തുകയും ചെയ്തെന്നും രഘുബാലാജി കളിയിക്കാവിള സി.ഐയ്ക്കു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആറിൽ പറയുന്നതിങ്ങനെ: ‘എട്ടാം തീയതി 9 മണിക്ക് രഘു ബാലാജിയും സംഘവും കളിയിക്കാവിളയിലെ പ്രധാന ചെക്പോസ്റ്റിൽ പരിശോധനയ്ക്കുശേഷം മടങ്ങി. പിന്നീട് മാർക്കറ്റ് റോഡിലെ ചെക്പോസ്റ്റിൽ പരിശോധനയ്ക്കു പോയി. 9.20ന് അവിടെ എത്തുമ്പോൾ ഒരാൾ എ.എസ്.ഐ വിൽസനെ വെടിവയ്ക്കുന്നതു കണ്ടു. പിന്നീടു തറയിലേക്കു വലിച്ചിട്ടു വീണ്ടും വെടിവച്ചു. മറ്റൊരാൾ കത്തി കൊണ്ടു കുത്തി. രഘു ബാലാജിയും കൂടെയുണ്ടായിരുന്ന നാല് പൊലീസുകാരും ഒച്ചവച്ചുകൊണ്ട് അങ്ങോട്ടേക്കു പോകാൻ ശ്രമിച്ചു.

അടുത്തേക്കു വന്നാൽ വെടിവയ്ക്കുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. രഘുബാലാജിയുടെ കൂടെവന്ന പൊലീസുകാർ വീണ്ടും ഒച്ചവച്ചപ്പോൾ രണ്ട് അക്രമികളും അടുത്തുള്ള ആരാധനാലയത്തിന്റെ പുറകുവശത്തുള്ള കോമ്പൗണ്ടിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. അവരെ പിടികൂടാനായി പൊലീസുകാർ ശ്രമിച്ചെങ്കിലും വിൽസന്റെ നില മോശമായതിനാൽ തിരികെവന്നു. സി.ഐയുടെ വാഹനത്തിൽ കുഴിത്തുറയുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയെത്തുന്നതിനു മുൻപു തന്നെ വിൽസൺ മരിച്ചു. തുടർന്നു മൃതദേഹം ആശാരിപള്ളം ആശുപത്രിയിലേക്ക് കൊണ്ടുപോയി.’

അതേസമയം കന്യാകുമാരി, തിരുവിതാംകോട്, അടുപ്പ് വിളി സ്ട്രീറ്റ്,1/183A യിൽ അബൂ ഹനീഫയുടെ മകൻ അബ്ദുൽ ഷെമീം (25), മുഹമ്മദ്‌ യൂസഫിന്റെ മകൻ തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഷമീം 2014ൽ ചെന്നൈയിൽ ഹിന്ദുമുന്നണി ഒാഫീസ് ആക്രമിച്ച് ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.