ക്വലാലംപൂർ: മലേഷ്യ ഓപ്പൺ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൂപ്പർ താരങ്ങളായ പി.വി. സിന്ധുവും സൈന നെഹ്വാളും പുറത്തായി. ഇതോടെ ടൂർണമെന്റിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ക്വാർട്ടറിൽ ടോപ് സീഡ് ചൈനീസ് തായ് പേയുടെ തായ് സൂ യിംഗിനോട് തോറ്റാണ് ലോക ചാമ്പ്യൻ പി.വി. സിന്ധു പുറത്തായത്. സ്പെയിനിന്റെ ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനോടായിരുന്നു ക്വാർട്ടറിൽ സൈനയുടെ തോൽവി.
രാവിലെ ഒന്നാം കോർട്ടിൽ നടന്ന മത്സരത്തിൽ ലോക രണ്ടാം നമ്പർ താരം സൂ യിംഗിനെതിരെ നേരിട്ടുള്ള ഗെയിമുകളിൽ 16-21,16-21നായിരുന്നു സിന്ധുവിന്റെ തോൽവി. ഇരുവരും മുഖാമുഖം വന്ന മത്സരങ്ങളിൽ സൂ യിംഗിന്റെ പന്ത്രണ്ടാം ജയമാണിത്. സിന്ധുവിന് അഞ്ചെണ്ണത്തിലേ ജയിക്കാനായിട്ടുള്ളൂ. തുടർന്ന് നടന്ന മത്സരത്തിൽ മാരിനെതിരെ പൊരുതാൻ പോലുമാകാതെ സൈന കീഴടങ്ങുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകളിൽ അരമണിക്കൂറിനുള്ളിൽ 8-21, 7-21ന് സൈന തോൽവി സമ്മതിച്ചു.