maradu-flat

കൊച്ചി: ഇനി മണിക്കൂറുകൾ മാത്രം! മരടിലെ പടുകൂറ്റൻ ഫ്ലാറ്റുകളിൽ രണ്ടെണ്ണം ഇന്ന് തവിടുപൊടി. മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒയിൽ ആദ്യ സ്ഫോടനം 11ന്. അഞ്ച് മിനിട്ടിന് ശേഷം ആൽഫയിൽ അടുത്ത സ്ഫോടനം. നാളെ ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളും പൊളിക്കും.

ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമ്പത് മുതൽ ഫ്ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കും. ഇതിനായി പ്രത്യേക ബസുകൾ ഏർപ്പാടാക്കി. പത്ത് ഫയർ എൻജിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ്ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിറുത്തും. നൂറോളം അഗ്‌നിശമന സേനാംഗങ്ങളും ഉണ്ടാകും.

ഫ്ലാറ്റിന് 200 മീറ്റർ ചുറ്റളവിൽ പൊളിക്കൽ ചുമതലയുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല.

സുരക്ഷ ഒരുക്കാനും കാണാനെത്തുന്നവരെ നിയന്ത്രിക്കാനുമായി ഒരു ഫ്ലാറ്റിന് 800 എന്ന കണക്കിൽ 1600 പൊലീസുകാരെ വിന്യസിക്കും. സ്ഫോടനത്തിന് മുമ്പ് പൊലീസ് സമീപത്തെ വീടുകൾ സന്ദർശിച്ച് എല്ലാവരും ഒഴിഞ്ഞു പോയെന്ന് ഉറപ്പ് വരുത്തും.

 ഹോളിഫെയ്ത്ത്

19 നിലകൾ

നിർമ്മാതാക്കൾ : ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ്

സ്ഥലം : കുണ്ടന്നൂർ പാലത്തിനു സമീപം

സ്‌ഫോടനം: രാവിലെ 11.00

പൊളിക്കുന്ന കമ്പനി: മുംബയ് എഡിഫൈസ് എൻജിനിയറിംഗ്

ആൽഫ വെഞ്ച്വേഴ്‌സ്

16 നില വീതം ഇരട്ട കെട്ടിടങ്ങൾ

നിർമ്മാതാക്കൾ : ആൽഫ വെഞ്ച്വേഴ്‌സ്

സ്ഥലം : നെട്ടൂർ

സ്‌ഫോടനം : രാവിലെ 11.05

പൊളിക്കുന്ന കമ്പനി: ചെന്നൈ വിജയ് സ്റ്റീൽസ് കമ്പനി

-------------------------------------------------------------------------------------

സൈറൺ ഇങ്ങനെ

10.30 - ഗതാഗത നിയന്ത്രണത്തിന്

10.55 - വാണിംഗ് സൈറൺ

11 ന് - ഹോളിഫെയ്ത്തിൽ സ്‌ഫോടനത്തിന്

11.05 - ആൽഫയിൽ സ്‌ഫോടനത്തിന്

11.15 - ഗതാഗതം പുനരാരംഭിക്കാൻ

11.45 - ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാൻ