മുംബയ്: ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മനേജിംഗ് ഡയറക്ടറും സി.ഇ.ഒയും ആയിരുന്ന ചന്ദാ കൊച്ചാറിന്റെ മുംബയിലെ അപ്പാർട്ട്‌മെന്റും ഭർത്താവ് ദീപക് കൊച്ചാറിന്റെ ഓഹരികളും അടക്കം 78 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്വത്തുക്കളുടെ വിപണി മൂല്യം ഇനിയും ഉയരുമെന്നാണ് സൂചന.
ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവിയായിരിക്കെ ഭർത്താവിന് സാമ്പത്തിക നേട്ടം നൽകും വിധം വീഡിയോ കോൺ ഗ്രൂപ്പിന് അനധികൃതമായി 3250 കോടി വായ്പ അനുവദിച്ച കേസിൽ സി.ബി.ഐയുടെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുകയാണ് ചന്ദ കൊച്ചാർ. ഈ വായ്പ പിന്നീട് കിട്ടാക്കടമായി.
2018 മാർച്ചിലാണ് ചന്ദയ്‌ക്കെതിരെ അഴിമതി ആരോപണം ഉയർന്നത്. തുടർന്ന് അവർ ബാങ്ക് മേധാവി സ്ഥാനം രാജിവച്ചിരുന്നു.
ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ പ്രൊമോട്ടർ വേണുഗോപാൽ ധൂത് തുടങ്ങിയവർക്കെതിരെ 2019 ജനുവരിയിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ക്രിമിനൽ കേസെടുത്തത്. വീഡിയേകോൺ ഗ്രൂപ്പിന്റെ മുംബയിലും ഔറംഗാബാദിലുമുള്ള ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ ന്യൂപവർ റിന്യൂവബ്ൾസ്, സുപ്രീം എനർജി എന്നീ സ്ഥാപനങ്ങളിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
മാനേജ്‌മെന്റ് ട്രെയിനിയായി 1984ൽ ഐ.സി.ഐ.സി.ഐ ബാങ്കിൽ ചേർന്ന ചന്ദാ കൊച്ചാർ 2009ലാണ് എം.ഡിയും സി.ഇ.ഒയും ആയത്.