bjp

ന്യൂഡൽഹി: ഫെബ്രുവരിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന് എതിരാളിയെ കണ്ടെത്താനാകാതെ ബി.ജെ.പി നട്ടംതിരിയുമ്പോൾ അനൗദ്യോഗിക കാമ്പെയിനുമായി ആം ആദ്മി പാർട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്ക് എതിരാളി ആര് എന്ന രീതിയിൽ ബി.ജെ.പി നടത്തിയ പ്രചാരണ പരിപാടിക്ക് സമാനമായ പ്രചാരണവുമായാണ് ആം ആദ്മി പാർട്ടി രംഗത്തെത്തിയിരിക്കുന്നത്. അരവിന്ദ് കെ‌ജ്‌രിവാളിന് എതിരാളി ആര് എന്ന കാമ്പെയിനുമായാണ് ആംആദ്മിയുടെ പ്രചാരണം.

ഡൽഹിയലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ അവസരം മുതലെടുത്താണ് ആം ആദ്മിയുടെ പ്രചാരണം. ഔദ്യോഗികമല്ലെങ്കിലും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇതിലൂടെ സാധിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാത്ത് തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. ഇല്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. സ്ഥാനാർത്ഥിയാരാണെന്ന് ഞങ്ങൾ ചോദിക്കുന്നതല്ല, ജനങ്ങൾ ചോദിക്കുന്നതാണ്, അവർ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് അതെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

അതേസമയം ഗൗതം ഗംഭീർ, ഹർദീപ് സിംഗ് പുരി, ഹർഷവർധൻ സിംഗ്, പർവേഷ് സിംഗ്,​ മനോജ് തിവാരി, പിയൂഷ് ഗോയൽ, വിജേന്ദർ ഗുപ്ത എന്നിങ്ങനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ള ഏഴ് ബി.ജെ.പി നേതാക്കളുടെ പേരുകൾ ആം ആദ്മി പുറത്തുവിട്ടിട്ടുണ്ട്. ഇത് നിഷേധിച്ച് ബി.ജെ.പി നേതാക്കളാരും രംഗത്ത് വന്നിട്ടില്ല.